പ്ലാസ്റ്റിക് മാലിന്യശേഖരം കണ്ടുപിടിക്കാൻ ആപ്പ് തയാറാകുന്നു
text_fieldsകൊച്ചി: പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നത് എവിടെയൊക്കെയെന്ന് ഇനി എല്ലാവർക്കും കാണാം. അത് കണ്ടിട്ടും അധികൃതർ കണ്ടില്ലെന്ന് നടിച്ചാൽ അക്കാര്യം പൊതുജനങ്ങൾക്ക് തുറന്ന് കാട്ടാം. ഇതിനൊക്കെ ഉതകുന്ന ആപ്പ് വികസിപ്പിക്കുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷണ വിദ്യാർഥികൾ. സംസ്ഥാനത്ത് എവിടെയും ഉപഗ്രഹ സഹായത്തോടെ പ്ലാസ്റ്റിക് പൊലൂഷൻ ട്രാക്കിങ്ങിന് ഉപയോഗിക്കാനാവുന്ന ആപ്പാണ് വികസിപ്പിക്കുന്നത്.
ഉപഗ്രഹങ്ങളിൽനിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് കൂടിക്കിടക്കുന്നതെവിടെയെന്ന് തത്സമയം ലഭ്യമാകുന്നതാണ് ആപ്പ്. കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്കിൽനിന്ന് പ്രതിഫലിക്കുന്ന പ്രകാശ കിരണങ്ങൾ ഉപയോഗിച്ചാണ് ഉപഗ്രഹങ്ങൾ പ്ലാസ്റ്റിക് തിരിച്ചറിയുന്നത്. കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിവരം ആപ്പിൽ ലഭ്യമാകുക.
കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസ് ഡയറക്ടർ ഡോ. എ.എ. മുഹമ്മദ് ഹാത്തയുടെ മേൽനോട്ടത്തിൽ ഗവേഷണ വിദ്യാർഥികളായ വയനാട് സ്വദേശി ഇ. അഖിൽ പ്രകാശ്, കൊല്ലം സ്വദേശി മിഥുൻഷാ ഹുസൈൻ, കണ്ണൂർ സ്വദേശി അമൽ ജോർജ്, പോണ്ടിച്ചേരി സർവകലാശാല ഗവേഷകയായിരുന്ന ഡോ. അൽഫ്രീൻ ഹുസൈൻ എന്നിവരാണ് ആപ്പ് വികസിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നത്.
ചെന്നൈ യു.എസ് കോൺസുലേറ്റ്, ടെക് ക്യാമ്പ് ഗ്ലോബൽ, സി.പി.പി.ആർ ഇന്ത്യ എന്നിവർ ചേർന്ന് നടത്തിയ ടെക് ക്യാമ്പിലൂടെയാണ് ആശയം ഉദിച്ചത്. സൗജന്യമായി ലഭിക്കുന്ന സാറ്റലൈറ്റ് ഡേറ്റയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൂടുതൽ കൃത്യത ഉറപ്പാക്കണമെങ്കിൽ പണം നൽകിയാൽ ലഭിക്കുന്ന ഉപഗ്രഹ ഡാറ്റയും ലഭ്യമാക്കണം. പ്രവർത്തനങ്ങൾക്കായി മൂന്നുലക്ഷം രൂപയോളം ടെക് ക്യാമ്പ് നൽകും. കുസാറ്റിൽ നിന്നുള്ള സഹായത്തിനും ശ്രമിക്കുന്നു. ആപ്പിന്‍റെ പ്രവർത്തനത്തിന് സ്ഥിരം സെർവർ സ്ഥാപിക്കും. മേയ് മാസത്തോടെ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്.
രാജ്യത്ത് ജനസാന്ദ്രത ഏറിയ വൈപ്പിനിൽ ഇതിന്‍റെ പരീക്ഷണം തുടങ്ങി. ഇവിടെ കായലിലും കടലിലും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് കൃത്യമായി കണ്ടെത്തുന്നതിൽ വിജയിക്കാൻ ഗവേഷക സംഘത്തിന് കഴിഞ്ഞു. സംസ്ഥാനത്ത് ഉടനീളം ഇത് പ്രയോഗത്തിൽ വരുത്താനുള്ള സാങ്കേതിക സംവിധാനം തയാറാക്കിവരികയാണെന്ന് ഗവേഷക സംഘാംഗമായ ഇ. അഖിൽ പ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.