സാമുദായിക സംവരണം വർഗീയത വളർത്തുമെന്ന പാഠപുസ്തക വാദം സവർണ ഹിന്ദുത്വത്തിന്റേത് -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: സാമുദായിക സംവരണം സാമൂഹിക വിപത്താണെന്നും അത് വർഗീയത വളർത്തുമെന്നുമുള്ള പ്ലസ് വൺ പാഠപുസ്തകത്തിലെ പരാമർശങ്ങൾ സവർണ ഹിന്ദുത്വത്തിന്റേതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. ഭരണഘടനാ വിരുദ്ധ വാദങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇത്തരം ബോധപൂർവമായ ശ്രമങ്ങളെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സംവരണം വർഗീയത സൃഷ്ടിക്കുമെന്നും പകരം സാമ്പത്തിക സംവരണം നടപ്പിലാക്കുകയാണ് വേണ്ടതെന്നുമുള്ള സംഘ് പരിവാർ നിലപാടാണ് എസ്.സി.ഇ.ആർ.ടി ഓൺലൈനിൽ അപ് ലോഡ് ചെയ്തിരിക്കുന്ന പ്ലസ് വൺ പാഠ പുസ്തകത്തിൽ ഇപ്പോൾ ഉന്നയിക്കുന്നത്. ഭരണഘടന വിഭാവന ചെയ്യുന്ന സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം വേണമെന്ന വാദമുന്നയിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്ത ആർ.എസ്.എസിനെപ്പോലുള്ള ഹിന്ദുത്വവാദികളും സവർണാധിപത്യ ശക്തികളുമാണ്. അതിനെ സഹായിക്കുന്ന രീതിയിൽ സാമുദായിക സംവരണത്തിന് വർഗീയ ചാപ്പ കുത്തുന്ന എസ്.സി.ഇ.ആർ.ടിയുടെ നടപടിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണം.
സാമൂഹികനീതി നിഷേധിക്കുന്നതും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നതുമായ വിധ്വംസക ചിന്തകൾ വിദ്യാർഥികളിൽ കുത്തിവെയ്ക്കുകയെന്ന ഹിന്ദുത്വ അജണ്ടയാണ് ഈ പുസ്തകം തയാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ബി.ജെ.പിയുടെ സവർണ സംവരണം കേരളത്തിൽ ആവേശത്തിൽ നടപ്പിലാക്കിയ ഇടതു സർക്കാർ നയമാണ് ഇങ്ങനെ നീങ്ങാൻ എസ്.സി.ഇ.ആർ.ടിയെ പ്രേരിപ്പിച്ചത്.
ഭരണഘടനാ വിരുദ്ധവും വിദ്വേഷം വളർത്തുന്നതുമായ കാര്യങ്ങൾ പാഠപുസ്തകത്തിലൂടെ തലമുറകളിലേക്ക് പടർത്തുന്ന കേന്ദ്ര സർക്കാർ നയം കേരള സർക്കാരും ആവർത്തിക്കുകയാണ്. സംഘ്പരിവാർ വാദം കുത്തിത്തിരുകിയ പാഠപുസ്തകം വെബ്സൈറ്റിൽനിന്ന് അടിയന്തിരമായി പിൻവലിച്ച് കേരളത്തോട് മാപ്പ് പറയുകയും കുറ്റകരമായ പുസ്തകം തയാറാക്കിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.