അസം-മിസോ തർക്കത്തിന് ബ്രിട്ടീഷ് കാലത്തോളം പഴക്കം
text_fieldsഗുവാഹതി: രണ്ടു രാജ്യങ്ങൾ പോലെ ചേരിതിരിഞ്ഞ് പൊരിഞ്ഞ പോരിൽ ഏർപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളായ അസമും മിസോറമും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിെൻറ പേരിൽ തിങ്കളാഴ്ച അഞ്ചു അസം പൊലീസുകാരാണ് കൊല്ലപ്പെട്ടത്. പെെട്ടന്നുണ്ടായ തർക്കമല്ല പൊലീസുകാരുടെ കൊലയിലേക്ക് നയിച്ചത്. ആ തർക്കത്തിന് ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുണ്ട്.
165 കി.മീ യാണ് ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ അതിർത്തിയുടെ നീളം. ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്ത് അസമിെൻറ ഭാഗമായിരുന്നു ഇന്നത്തെ മിസോറം. സുഷിൻ കുന്നുകൾ എന്നാണ് ആ പ്രദേശം അന്ന് അറിയപ്പെട്ടിരുന്നത്. 1875ൽ ബ്രിട്ടീഷുകാർ പ്രത്യേക വിജ്ഞാപനത്തിലൂടെ ലുഷായ് കുന്നുകളെ അസമിൽ നിന്ന് വേർപെടുത്തി. 1933 ൽ മറ്റൊരു വിജ്ഞാപനത്തിലൂടെ ലുഷായ് കുന്നുകൾക്കും മണിപ്പൂരിനുമിടയിലെ അതിർത്തികൾ നിർണയിച്ചു.
ഇൗ രണ്ടു കരാറുകളാണ് പിൽക്കാലത്തെ പ്രശ്നങ്ങൾക്കൊക്കെയും കാരണമായത്. 1875 ലെ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിലാണ് അതിർത്തി നിർണയിക്കേണ്ടിയിരുന്നതെന്നാണ് മിസോറം വിശ്വസിക്കുന്നത്. മിസോ സമൂഹവുമായി കൂടിയാലോചന നടത്താതെയാണ് 1933ൽ വിജ്ഞാപനമിറക്കിയതെന്നും അത് അംഗീകരിക്കാനാവില്ലെന്നുമാണ് മിസോറമിെൻറ വാദം.
എന്നാൽ, 1933ലെ വിജ്ഞാപനപ്രകാരം വേണം അതിർത്തി നിർണയിക്കാനെന്ന് അസം വാദിക്കുന്നതാണ് സംഘർഷത്തിെൻറ കാരണമെന്ന് മിസോ വിദ്യാർഥി സംഘടനയായ എം.ഇസഡ്.പി (മിസോ സിർലെയ് പാൽ) പ്രസിഡൻറ് ബി. വൻലാൽതാന ആരോപിക്കുന്നു.
2020 ഒക്ടോബറിലും അതിർത്തിയിൽ സംഘട്ടനമുണ്ടായിരുന്നു. അസമിലെ കചാർ ജില്ലയിൽപെട്ട ലൈലാപുർ ഗ്രാമക്കാരും മിസോറമിലെ കൊലാസിബ് ജില്ലയിലെ വൈരങ്തെ ഗ്രാമക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്. അതിനു മുമ്പ് അസമിലെ കരിംഗഞ്ച്, മിസോറമിലെ മമിത് എന്നീ അതിർത്തി പ്രദേശക്കാർ തമ്മിലും സംഘട്ടനമുണ്ടായി. മിസോറമുകാരുടെ ഫാമും ഏതാനും കുടിലുകളും കൃഷിയിടങ്ങളും അസമുകാർ കത്തിച്ചു. ഇതേത്തുടർന്ന് പ്രദേശത്ത് സംഘർഷം മൂർഛിച്ചു. ലൈലപുരുകാർ മിസോറം പൊലീസിനു നേരെ കല്ലെറിഞ്ഞു. മറുവശത്തുനിന്നും അതേ തിരിച്ചടിയുണ്ടായതെന്ന് കൊലാസിബ് ഡെപ്യൂട്ടി കമീഷണർ എച്ച്. ലാൽതങ്ലിയാന പറഞ്ഞു. 2018 ഫെബ്രുവരിയിലും ഇതേ അതിർത്തിയിൽ സംഘട്ടനം നടന്നിരുന്നു. എം.ഇസഡ്.പിക്കാർ ഇവിടെ കെട്ടിയ മരക്കുടിലുകൾ അസം പൊലീസും വനംവകുപ്പും ചേർന്ന് പൊളിച്ചുമാറ്റിയതിനെ തുടർന്നായിരുന്നു അന്ന് സംഘട്ടനം നടന്നത്.
അതിർത്തി സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും മുമ്പുണ്ടാക്കിയ ധാരണ അസം പലപ്പോഴും ലംഘിക്കുകയും അതിർത്തി കടന്ന് കുടിലുകൾ കെട്ടുകയും ചെയ്തപ്പോൾ മിസോറമുകാർ ആ കുടിലുകൾ കത്തിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ലാൽതങ്ലിയാനയുടെ വാദം.
അതേസമയം, തർക്കസ്ഥലം അസമിെൻറതാണെന്ന് രേഖകൾ വ്യക്തമാക്കുന്നുവെന്നും മിസോറം അനാവശ്യ വിവാദമുണ്ടാക്കി സംഘർഷം സൃഷ്ടിക്കുകയാണെന്നും കചാർ ഡെപ്യൂട്ടി കമീഷണർ കീർത്തി ജല്ലി ആരോപിക്കുന്നു. എന്നാൽ, വർഷങ്ങളായി തങ്ങൾ കൃഷി ചെയ്തുപോരുന്ന സ്ഥലമാണിതെന്ന് മിസോറമുകാർ വാദിക്കുന്നു.
ചരിത്രപരമായി മിസോറമുകാർ കൃഷി ചെയ്തുവരുന്നുവെങ്കിലും വിവാദസ്ഥലം അസം അതിർത്തിയിലുള്ള സിംഗ്ല റിസർവ് വനത്തിെൻറ പരിധിയിൽപെട്ടതാണെന്ന് കരിംഗഞ്ച് ഡെപ്യൂട്ടി കമീഷണർ അൻപമുദൻ പറയുന്നു.
കുഴപ്പങ്ങൾക്ക് കാരണക്കാർ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി അസമിൽ കുടിയേറിയവരാണെന്നും തങ്ങളുടെ കുടിലുകൾ കത്തിക്കുകയും കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്തത് അവരാണെന്നും മിസോ വിദ്യാർഥി സംഘടനയായ എം.ഇസഡ്.പി (മിസോ സിർലെയ് പാൽ) പ്രസിഡൻറ് ബി. വൻലാൽതാന ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.