ഗാന്ധിവധം ശരിയായിരുന്നു; യഥാർഥ നായകൻ ഗോഡ്‌സെ -ഹിന്ദു മഹാസഭ
text_fieldsതൃശൂർ: നാഥുറാം ഗോഡ്‌സെയാണ് രാജ്യത്തിന്റെ യഥാർഥ നായകനെന്നും ഗാന്ധിവധം ശരിയായ നടപടിയായിരുന്നെന്നും ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ. തൃശൂർ പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ഒരു തെറ്റായിരുന്നു, ഗോഡ്‌സെയാണ് ശരി. രാഷ്ട്രത്തെ ഇന്ത്യയും പാകിസ്താനുമായി വിഭജിക്കുകയാണ് ഗാന്ധിയും നെഹ്‌റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കാനാണ് ഗോഡ്‌സെ ഗാന്ധിയെ വധിച്ചത്. ഗോഡ്സെയുടെ പ്രവൃത്തിയെ തങ്ങൾ അംഗീകരിക്കുകയും ഗാന്ധിയെ എതിർക്കുകയും ചെയ്യുന്നു.
സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണ്. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണ്. സവർക്കറുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഒരുലക്ഷം കുടകളും നോട്ട്ബുക്കുകളും ബാഗുകളും സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യഥാർഥ ജിഹാദുമായി മുസ്‌ലിംകൾ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുകയാണ്. ഇതിനെതിരെ ഹിന്ദു മഹാസഭ പ്രതിരോധം തീർക്കും. ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ തെറ്റാണ്. കേരളത്തിൽ ലൗ ജിഹാദ് ഇപ്പോഴും തുടരുകയാണ്. രാജ്യാന്തര പ്രസ്ഥാനങ്ങളുടെ സഹായത്തോടെ ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റിക്കൊണ്ടിരിക്കുകയാണ്.
ലൗ ജിഹാദ് വിഷയത്തിലടക്കം കേരള സർക്കാർ കൃത്യമായ നടപടിയെടുക്കണം. ഇതര സംസ്ഥാനങ്ങളിൽ നിയമം മൂലം ഗോഹത്യ നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത് വർധിക്കുകയാണ്. സർക്കാർ ഇടപെട്ട് നിയമം പാസാക്കിയല്ലാതെ ഇതിന് അറുതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ഷിനോജ് ശ്രീനിവാസൻ, സി.ജെ കിഷൻ, ശ്രീനിവാസ് കുറുപ്പത്ത്, സ്വാമി ആദിത്യ സ്വരൂപാനന്ദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.