'229 ഗർഭിണികളിൽ 227 പേരും ഹൈ റിസ്കിൽ'; അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് നിയമസഭ സമിതി
text_fieldsഅട്ടപ്പാടിയിലെ 229 ഗർഭിണികളിൽ 227 പേരും ഹൈ റിസ്കിലെന്ന് നിയമസഭാ സമിതി....? അതിൽ 15 അരിവാൾ രോഗികൾ. ? നവജാത ശിശുക്കളിൽ കൂടുതൽ പേരും രണ്ട് കിലോ ഗ്രാമിൽ കുറവ്? ആദിവാസികളിൽ 80 ശതമാനത്തോളം വിളർച്ച ബാധിച്ചവർ
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസികൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ പിടിയില്ലെന്ന് നിയമസഭാ സമിതിയുടെ റിപ്പോർട്ട്. ഒ.ആർ. കീഴൂർ ചെയർമാനായ പട്ടികജാതി പട്ടികവർഗ ക്ഷേമസമിതി അട്ടപ്പാടി സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. 2021 ഡിസംബർ 21ന് തെക്കേ പുതൂർ വടകോട്ടത്തറ എന്നീ ഊരുകളും കോട്ടത്തറ ഗവൺമെൻറ് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും സമിതി അംഗങ്ങൾ സന്ദർശിച്ചു. കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ അട്ടപ്പാടിയിലെ ആദിവാസികളിൽ 229 പേരാണ് ഗർഭിണികൾ ആയത്. അതിൽ 185 പേർ ഹൈ റിസ്കിലും 42 പേർ വെരി ഹൈ റിസ്കിലുമാണ്. അതിൽ 15 അരിവാൾ രോഗികളും ഉണ്ട്. ചുരുക്കത്തിൽ 229 ഗർഭിണികളിൽ ആരോഗ്യ മുള്ളവർ. ആദിവാസികളിൽ 0.87 ശതമാനം പേർ മാത്രമാണ് സുരക്ഷിതരായ ഗർഭിണികൾ.
കുട്ടികളിൽ സിവിയർ അക്യൂട്ട് മാൾന്യൂട്രിഷൻ ആയിട്ടുള്ളവർ 33 പേരും മോഡറേറ്റ് അക്യൂട്ട് മാൾന്യൂട്രിഷൻ ആയിട്ടുള്ളത് 162 പേരുമാണ്. 2013 മുതൽ അരിവാൾ രോഗത്തിന്‍റെ സ്ക്രീനിങ് നടത്തിയിട്ടില്ല. അതിനാവശ്യമായ പണം ഉപകരണങ്ങളും ഇല്ല. നിലവിൽ അരിവാൾ രോഗികളായി 163 പേർക്ക് മാസം 2,500 രൂപ പെൻഷൻ നൽകുന്നുവെന്ന് ഡി.എം.ഒ വ്യക്തമാക്കി.
കോട്ടത്തറ ആശുപത്രിയിൽ പോഷക കുറവ്, അരിവാൾ രോഗം തുടങ്ങിയ അസുഖമുള്ള ഗർഭിണികൾ ചികിത്സ തേടി എത്തിയാൽ വിദഗ്ധ ചികിത്സക്ക് മറ്റ് ആശുപത്രികളിലേക്ക് അയക്കുകയാണ് പതിവ്. നവജാതശിശുക്കളിൽ കൂടുതൽ പേർക്കും രണ്ടര കിലോ ഗ്രാമിൽ കുറവ് തൂക്കമാണ്. 100 ശതമാനം ഊരുകളിലും കുടുംബശ്രീ സംവിധാനം ഉണ്ട്. 775 കുടുംബശ്രീകളിലായി എന്നാ 8845 കുടുംബാംഗങ്ങളാണ്. കമ്മ്യൂണിറ്റി കിച്ചനും ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ നടത്തുന്നത് കുടുംബശ്രീയാണ്. അവരാണ് പദ്ധതികൾ നടപ്പാക്കുന്ന ഏജൻസി. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികളിൽ 80 ശതമാനത്തോളം മതിയായ പോഷകാഹാരം ലഭിക്കാതെ വിളർച്ച ബാധിച്ചവരും അരിവാൾ രോഗം പിടിപെട്ടുവരുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന ശിശുമരണങ്ങൾ തടയാൻ സർക്കാർ പദ്ധതികൾക്ക് കഴിയുന്നില്ലെന്ന് ആരോഗ്യ വകുപ്പിനെ കണക്കുകൾ സൂചിപ്പിക്കുന്നു. 2021 നവംബർ അവസാനം അഞ്ച് കുട്ടികളും ഒരു അമ്മയും മരണത്തിന് കീഴടങ്ങി. 2021ൽ 9 ശിശുക്കൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
2013 മുതൽ 21 ഒക്ടോബർ വരെ ഔദ്യോഗിക കണക്ക് പ്രകാരം 1 14 നവജാത ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്. എന്നാൽ ഗർഭം അലസൽ, ചാപിള്ള, ഗർഭസ്ഥ ശിശുമരണം തുടങ്ങിയവയുടെ യഥാർഥ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2013 മുതൽ ശിശുമരണം പോലുള്ള സംഭവങ്ങൾ കുറച്ചു കൊണ്ടുവരുന്നതിന് സർക്കാർ വകുപ്പുകൾ വലിയ പ്രവർത്തനങ്ങൾ അട്ടപ്പാടി കേന്ദ്രീകരിച്ച് നടത്തി. എന്നാൽ അവ എത്രത്തോളം ഫലപ്രാപ്തിയിൽ എത്തിയെന്ന് അന്വേഷണ വിധേയമാക്കണം. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് നിലവിലുള്ള 237 ഗർഭിണികളെയും അരിവാൾ രോഗികളായി 16 ഗർഭിണികളെയും ഹൈ റിസ്കിൽ ഉൾപ്പെട്ട 187 ഗർഭിണികളെയും നിരീക്ഷിക്കുന്നതിനും ആരോഗ്യപ്രവർത്തകർ, ആശാ വക്കർ, എസ്.ടി പ്രമോട്ടർ, അംഗനവാടി പ്രവർത്തകർ തുടങ്ങിയവരെ ചുമതലപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ സമിതിക്കു മുമ്പാകെ അറിയിച്ചു.
അട്ടപ്പാടിയിൽ പട്ടിക വർഗവും ജനനി ജന്മരക്ഷ പദ്ധതി, ഭക്ഷ്യ സഹായ പദ്ധതി, കമ്മ്യൂണിറ്റി കിച്ചൻ, വത്സല്യ സ്പർശം തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപ അട്ടപ്പാടിയിൽ ചെലവഴിക്കുന്നു. സമിതി സന്ദർശിച്ച് രണ്ട് ഊരുകളിലും വിഭവസമൃദ്ധമായ ആഹാരം നൽകുന്നുണ്ട് ഒന്നിനും കുറവില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. എത്ര ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരും ജീവനക്കാരും ഇല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മാതൃ ശിശു മരണങ്ങൾ അനുഭവിക്കുന്നതിന് കാരണം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്നാണ് നിയമസഭ സമിതിയുടെ ഒന്നാമത്തെ ശിപാർശ. ആദിവാസികൾക്കുള്ള ധനസഹായം യഥാസമയം വിതരണം ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം, കൗമാരകാലം മുതൽ പ്രോട്ടീൻ അടങ്ങിയ ആഹാരം വിതരണം ചെയ്യണം, വടക്കോട്ടതറ ഊരിലെ അരിവാൾ രോഗികൾക്ക് ചികിത്സാ സഹായം അടിയന്തരമായി നൽകണം, കമ്മ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പാൽ, മുട്ട, ഇറച്ചി, പച്ചക്കറി ഉൾപ്പെടുത്തണം, ഊരുകളിലെ കുടിവെള്ള വിതരണത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം, അഗളി കേന്ദ്രീകരിച്ച് ഒരു ഓഫീസ് സ്ഥാപിച്ച പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കണം, ഫണ്ട് വിനിയോഗം നിരീക്ഷിക്കുന്നതിന് നോഡൽ ഓഫീസർ അടങ്ങിയ സമിതിയെ നിയോഗിക്കണമെന്നും നിയമസഭ സമിതി ശിപാർശ ചെയ്തു.
2021 നവംബറിൽ അട്ടപ്പാടിയിൽ നടന്ന ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആണ് നിയമസഭാസമിതി സന്ദർശനം നടത്തിയത്. സമിതിയുടെ സന്ദർശനം വെറും ചടങ്ങായി മാറി എന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന ഭൂമിയുടെ പ്രശ്നം, കൃഷി ചെയ്യാൻ ജലസേചന സൗകര്യം ഇല്ലാത്തത്, കൃഷിക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കാത്തത്, വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ സമിതിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. വിവിധ വകുപ്പുകൾ നടത്തിയ അഴിമതികളിൽ ഒന്നുപോലും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടില്ല. പഴയപടി പോഷകാഹാര വിതരണത്തിനും മറ്റും കൂടുതൽ ഫണ്ട് അനുവദിച്ച് ഊരുകളിലെ പട്ടിണിമാറ്റാമെന്ന പതിവ് പല്ലവിയാണ് റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ആവശ്യം സുപരിചിതമായ കാർഷിക വികസനമാണ്. അത് തടയുന്നത് സർക്കാർ സംവിധാനമാണെന്ന് ആദിവാസികൾ തിരിച്ചറിയുമ്പോഴും നിയമസഭാസമിതിയുടെ കാഴ്ച അതിലേക്ക് കടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.