Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട് സ്വത്ത്...

പോപുലർ ഫ്രണ്ട് സ്വത്ത് കണ്ടുകെട്ടൽ നടപടിയിൽ പരക്കെ വിമർശനം

text_fields
bookmark_border
പോപുലർ ഫ്രണ്ട് സ്വത്ത് കണ്ടുകെട്ടൽ നടപടിയിൽ പരക്കെ വിമർശനം
cancel

കോഴിക്കോട്: ഹർത്താലിൽ നാശനഷ്ടമുണ്ടായെന്ന കുറ്റമാരോപിച്ച് പോപുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളും നേതാക്കളും. എസ്.കെ.എസ്.എസ്.എഫ്, ജമാഅത്തെ ഇസ്‌ലാമി, വെൽഫെയർ പാർട്ടി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് രംഗത്തെത്തിയത്.

ഹർത്താൽമൂലമുണ്ടായ നഷ്ടം ഈടാക്കാൻ പ്രതിചേർക്കപ്പെട്ടവരുടെ സ്വത്ത് ജപ്തി ചെയ്യാൻ ഹൈകോടതി കാണിക്കുന്ന ധിറുതി രാജ്യത്ത് ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നതിന് അവസാനത്തെ ഉദാഹരണമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.

പൊതുനഷ്ടത്തെ സംബന്ധിച്ച പഠനം നടത്തി തീർപ്പിലെത്തുന്നതിനും കുറ്റക്കാരായി വിധിക്കുന്നതിനും മുമ്പാണ് ഹൈകോടതി നടപടിക്ക് സർക്കാറിനെ നിർബന്ധിക്കുന്നത്. മുമ്പ് നടന്ന ഹർത്താലുകളിലെ നാശനഷ്ടങ്ങൾ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച കാലതാമസം കോടതി കാണുന്നില്ല. ഇത് ഒരു പ്രത്യേക വിഭാഗത്തോടുള്ള വിവേചനമാണെന്ന ധാരണ സമൂഹത്തിലുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുമുതൽ നശിപ്പിച്ചാൽ ബന്ധപ്പെട്ടവരിൽനിന്ന് തിരിച്ചുപിടിക്കാൻ ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നാൽ, പോപുലർ ഫ്രണ്ടുകാർ മാത്രമല്ല ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത്. ചെറുതും വലുതുമായ പല സംഘടനകളും പൊതുമുതൽ നശിപ്പിച്ചപ്പോൾ ഈ ജാഗ്രത കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവേചനപരവും വംശീയ വേർതിരിവുമുള്ളതുമായ തീരുമാനമാണ് ഉണ്ടായതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഫേസ്ബുക്ക്പോസ്റ്റിൽ പറഞ്ഞു. ഹർത്താലിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഹൈകോടതി ഉത്തരവ് വന്നശേഷം കേരളത്തിൽ നിരവധി ഹർത്താൽ നടന്നു.

അതിൽ പലതിലും അക്രമവും പൊതുമുതൽ നശിപ്പിക്കലുമുണ്ടായി. അത്തരം സംഭവവികാസത്തോട് സ്വീകരിക്കാത്ത കാർക്കശ്യസമീപനം ഇപ്പോൾ മാത്രം സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ല. ചിലർക്കെതിരെ മാത്രമാകുമ്പോൾ നീതി നിർവഹണത്തിന് വേഗമേറുന്നുവെന്ന് റസാഖ് പാലേരി കുറ്റപ്പെടുത്തി.

ചിലർ ചെയ്യുന്നത് സ്വാഭാവികവും മറ്റു ചിലരുടേത് അസ്വാഭാവികവും എന്ന് നിയമവ്യവസ്ഥകൾ തന്നെ വിലയിരുത്താൻ തുടങ്ങിയാൽ നീതിപൂർവമായ നിയമനിർവഹണ വ്യവസ്ഥ ദുർബലമാകും. അത്തരമൊരു സന്ദേശം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

നടപടി വിവേചനപരമെന്ന് സോളിഡാരിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സമാന സംഭവങ്ങളിൽ സ്വീകരിക്കാത്ത നടപടികൾ ഇക്കാര്യത്തിൽ ധിറുതിയിൽ നടപ്പാക്കുന്നത് ഇരട്ടനീതിയാണ്. ഹർത്താലിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥയിൽ സൂചിപ്പിച്ച തുക കെട്ടിവെച്ചിരുന്നു. കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട 5.2 കോടി നഷ്ടത്തിന്‍റെ വിശദാംശങ്ങൾ ഇതുവരെ കോടതി നിയമിച്ച ക്ലെയിംസ് കമീഷണറോ കേരള സർക്കാറോ സമർപ്പിച്ചിട്ടില്ല എന്നിരിക്കെ അതേ തുക കണ്ടുകെട്ടുന്നത് ന്യായമല്ല.

നിരവധി ഹർത്താലുകൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ പലതും അക്രമാസക്തമായിരുന്നു. കോടികളുടെ നഷ്ടം സംഭവിച്ച ആ ഹർത്താലുകളുടെ നടപടികളിലൊന്നും കാണിക്കാത്ത ധിറുതി ഇക്കാര്യത്തിൽ കോടതിയിൽനിന്നുണ്ടാകുന്നത് അസ്വാഭാവികമാണ്.

ഒരു ഹർത്താലിന്റെ തുടർ നടപടിയായി വീട് ജപ്തിയും സ്വത്ത് കണ്ടുകെട്ടലുമൊക്കെ നൂറുകണക്കിന് ഹർത്താലുകൾ നടന്ന കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സംഭവിക്കുന്നതെന്നത് ഇടപെടലിന്റെ വിവേചനപരതയാണ് വെളിവാക്കുന്നതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular front hartalasset confiscation
News Summary - The asset confiscation process has been widely criticized
Next Story