രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമം ആശങ്കജനകം -മുഖ്യമന്ത്രി
text_fieldsകരിപ്പൂർ: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് ആശങ്കയുണർത്തുന്നതാണെന്നും എന്നാൽ, ഇതിനെ ന്യായീകരിക്കാൻ കേരളത്തിൽപ്പോലും ചില നേതാക്കൾ മുന്നോട്ടുവരുന്നത് പരിതാപകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷ വർഗീയശക്തികൾ ശത്രുക്കളായി കരുതുന്ന വിഭാഗങ്ങളിലെ ചില നേതാക്കളാണ് ഇത്തരം ന്യായീകരണത്തിന് മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വം നൽകുന്നതിന് മതവിശ്വാസം ഘടകമാക്കിയും വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഒരു മതത്തിൽപ്പെട്ടവർക്കു മാത്രം ഒരു ക്രിമിനൽ കുറ്റമാക്കിയും തീവ്ര മതാത്മകതയും തീവ്രദേശീയതയും പ്രചരിപ്പിക്കുകയാണ്. വൈവിധ്യങ്ങളെ ഏകതാനതകൊണ്ട് പകരംവെക്കാനുള്ള നിയമങ്ങൾ നടപ്പാക്കുന്നതും ഇതിനാണ്. മതനിരപേക്ഷത സംരക്ഷിക്കാൻ മതരാഷ്ട്രവാദികളെ അകറ്റിനിർത്തണം.
എല്ലാ മതങ്ങളും ബഹുസ്വരത ഉൾക്കൊള്ളുന്നു എന്നതാണ് വിവിധ മതങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളും അവക്കിടയിലെ വിഭിന്ന വീക്ഷണങ്ങളും വ്യക്തമാക്കുന്നത്. ആ ബഹുസ്വരതയുടെ ഉദാഹരണമാണ് സലഫി പ്രസ്ഥാനങ്ങളും മുജാഹിദ് സംഘടനയും. ഒന്നുമാത്രമാണ് ശരിയെന്ന ചിന്തക്ക് എതിരാണ് ബഹുസ്വരത. സാമൂഹിക പരിഷ്കരണത്തിന് ഇറങ്ങിപ്പുറപ്പെട്ട പല പ്രസ്ഥാനങ്ങളും കേവലം സമുദായ സംഘടനകളായി ചുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇത് യാഥാസ്ഥിതികത വളരാൻ കാരണമാവുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വതന്ത്രമായി സംഘടന പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്ത് നഷ്ടപ്പെടുകയാണെന്ന് സമാപന സമ്മേളനത്തിൽ സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശശി തരൂർ എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ഫലസ്തീൻ എംബസി പൊളിറ്റിക്കൽ ആൻഡ് മീഡിയ കോൺസലർ ഡോ. അബ്ദുർറസാഖ് അബൂ ജസർ, അറബ് ലീഗ് അംബാസഡർ ഡോ. മാസിൻ അൽമസൂദി, മലബാർ ഗ്രൂപ് എം.ഡി എം.പി. അഹമ്മദ് എന്നിവർ സംസാരിച്ചു. കെ.എൻ.എം മർകസുദ്ദഅ്‍വ പ്രസിന്റ് ഡോ. ഇ.കെ. അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.എം മർകസുദ്ദഅ്‍വ സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ സ്വാഗതവും സെക്രട്ടറി അബ്ദുൽ ലത്തീഫ് കരിമ്പുലാക്കൽ നന്ദിയും പറഞ്ഞു.
മുജാഹിദ് സമ്മേളനത്തിന് പ്രൗഢ സമാപനം
കരിപ്പൂര്‍: കേരള നവോത്ഥാന ചരിത്രത്തിൽ പുതിയ അധ്യായമെഴുതിയും മാനവികതയുടെ വേദവെളിച്ചം പരത്തിയും പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് കരിപ്പൂരിലെ ‘വെളിച്ചം’ നഗരിയില്‍ പ്രൗഢോജ്ജ്വല സമാപനം. വൈവിധ്യമാര്‍ന്ന സെഷനുകളിലും വ്യത്യസ്ത പരിപാടികളിലുമായി രണ്ടാഴ്ചയോളം പതിനായിരങ്ങളാണ് സമ്മേളനനഗരിയില്‍ ഒഴുകിയെത്തിയത്.
ഐഡിയോളജി ആൻഡ് തസ്‌കിയ കോണ്‍ഫറന്‍സോടെയാണ് സമാപന ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായത്. എം.കെ. രാഘവന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. നാഷനല്‍ അറബിക് കോണ്‍ഫറന്‍സ് ഫലസ്തീൻ എംബസി പൊളിറ്റിക്കൽ ആൻഡ് മീഡിയ കോൺസലർ ഡോ. അബ്ദുർറസാഖ് അബൂ ജസർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.