'മഞ്ജു വാര്യർ മദ്യപിക്കാറുണ്ടായിരുന്നുവെന്ന് കോടതിയിൽ പറയണം'
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച നിർണായക ശബ്ദരേഖ പുറത്ത്. ദിലീപിന്‍റെ അഭിഭാഷകനും ദിലീപിന്റെ സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. കോടതിയിൽ എങ്ങനെ മൊഴി നൽകണമെന്ന് അനൂപിനെ അഭിഭാഷകൻ പഠിപ്പിക്കുന്നതാണ് ശബ്ദരേഖ.
മഞ്ജു വാര്യര്‍ മദ്യപിക്കുമായിരുന്നുവെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകൻ ദിലീപിന്റെ സഹോദരന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന് അനൂപ് പറയുമ്പോൾ, അങ്ങനെയല്ല മഞ്ജു വാര്യര്‍ വീട്ടില്‍ മദ്യപിച്ചു വരാറുണ്ടെന്ന് പറയണമെന്നും അഭിഭാഷകൻ പറയുന്നു. ദിലീപ് കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മദ്യപിക്കാറില്ലെന്ന് കേസിന്റെ വിചാരണ വേളയില്‍ കോടതിയില്‍ പറയണമെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നു.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ മദ്യപിക്കുമായിരുന്നോ എന്ന് അഭിഭാഷകന്‍ ചോദിക്കുമ്പോള്‍ 'ആക്ച്വലി എനിക്കറിയില്ല ഞാന്‍ കണ്ടിട്ടുമില്ല' എന്നാണ് അനൂപ് ആദ്യം പറയുന്നതെങ്കിലും അതിനൊപ്പം ചോദിക്കുന്നത് ' ഉണ്ടെന്നു പറയണമല്ലേ' എന്നാണ്. ദിലീപിന്റെ വീട്ടില്‍ നിന്നും പോകുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ മദ്യപിക്കുമായിരുന്നു എന്ന് മൊഴി നൽകണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്. വീട്ടിലിരുന്ന് മദ്യപിക്കുന്നത് കണ്ടിട്ടില്ലെങ്കിലും വീട്ടില്‍ പലവട്ടം മദ്യപിച്ച് വരാറുണ്ടെന്ന് പറഞ്ഞാല്‍ മതിയെന്ന് അഭിഭാഷകന്‍ പഠിപ്പിച്ചു കൊടുക്കുന്നു.
മഞ്ജു മദ്യപിച്ച് വരുന്ന കാര്യം ചേട്ടനോട്(ദിലീപ്) പറഞ്ഞിട്ടുണ്ടെന്നും ചേട്ടന്‍ ഇക്കാര്യം ചോദിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഒരുപക്ഷേ ചോദിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ ഇരുവരും ഈ കാര്യത്തിന്റെ പേലില്‍ വഴക്കിടുന്നത് കണ്ടിട്ടില്ലെന്നും കോടതിയില്‍ പറയണമെന്നും അഭിഭാഷകന്‍ അനൂപിന് പറഞ്ഞു കൊടുക്കുന്നുണ്ട്. ദിലീപ് മഞ്ജുവിന് വലിയ പിന്തുണ ജീവിതത്തില്‍ നല്‍കിയിരുന്നു. മഞ്ജുവിന്റെ പിടിവാശിയാണ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ കാരണമായതെന്ന് പറയണമെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നു.
മറ്റൊരു ശബ്ദരേഖയില്‍ നടി ആക്രമിക്കപ്പെടുന്ന സമയത്ത് ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന് മൊഴി നല്‍കുമ്പോള്‍ പറയാനുള്ള കാരണങ്ങളും അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. ചെസ്റ്റ് ഇന്‍ഫെക്ഷനായിട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റാകുന്നതെന്നു പറയണമെന്നാണ് അഭിഭാഷകന്‍ പഠിപ്പിക്കുന്നത്. ദിലീപ് ആ സമയത്ത് ആശുപത്രിയില്‍ അല്ലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ക്രൈബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ലീപ് ആ സമയത്ത് ആശുപത്രിയില്‍ അഡ്മിറ്റായിട്ടില്ലെന്നാണ് ദിലീപിന്റെ പറവൂര്‍ കവലയിലുള്ള വീടിനു സമീപത്തുള്ള അനവര്‍ ഹോസ്പിറ്റലിലെ ഡോക്ടറായ ഹൈദരാലിയും നഴ്‌സും നല്‍കിയ മൊഴി. എന്നാല്‍ വിചാരണ സമയത്ത് ഡോക്ടര്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. മറ്റൊരു ശബ്ദരേഖയില്‍ ഡോക്ടറോട് ഒന്നും പേടിക്കാനില്ലെന്ന് അനൂപ് പറയുന്നുമുണ്ട്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം ഇടപെടൽ നടത്തിയെന്ന അന്വേഷണ സംഘത്തിന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതിനാണ് ശബ്ദരേഖ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.