അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞ് മാതൃചൂടിലേക്ക്; മാനഹാനി മറന്ന് അവർ ചേർത്തണച്ചു
text_fieldsതിരുവനന്തപുരം: മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കൾക്ക് മടക്കിനൽകിയതിന്‍റെ ആശ്വാസത്തിൽ ശിശുക്ഷേമസമിതി. വിവാഹപൂർവ ഗർഭധാരണം ഉണ്ടാക്കിയേക്കാവുന്ന മാനഹാനി ഭയന്നാണ് ഒന്നരമാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. നൊന്തുപെറ്റ ഓമനയെ ഉപേക്ഷിച്ചതിൽപിന്നെ മാതാപിതാക്കൾ കടുത്ത മനോവിഷമത്തിലായിരുന്നു.
തുടർന്ന് അവർ കഞ്ഞിനെ വീണ്ടെടുക്കാൻ ശിശുക്ഷേമ സമിതിയെ സമീപിച്ചു. ഡി.എൻ.എ ഫലം കൂടി ഒത്തുവന്നതോടെ തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ഓഫിസിൽവെച്ച് കുഞ്ഞിനെ കൈമാറി. ഇതോടെ അരുമയെതേടിയുള്ള മാതാപിതാക്കളുടെ ആറുമാസത്തെ കാത്തിരിപ്പിന് ശുഭപര്യവസാനമായി.
ചുംബനം നൽകി കുഞ്ഞിനെ ചേർത്തണച്ചപ്പോൾ അവരുടെ കണ്ണിൽ സന്തോഷാശ്രു തുളുമ്പി. വിവാഹത്തിന് മുമ്പ് ഗർഭിണിയായതും മാനഹാനി ഭയന്ന് മറച്ചുവെച്ചതും വിവാഹശേഷം ആരുമറിയാതെ പ്രസവിച്ചതും ഇരുവരും തങ്ങളുടെ വീട്ടുകാരെ കഴിഞ്ഞദിവസം അറിയിച്ചു. സംഭവങ്ങൾ ആദ്യം ഞെട്ടലോടെ കേട്ട ബന്ധുക്കൾ മൂവരെയും സ്വീകരിക്കാൻ തയാറായി കാത്തിരിക്കുകയാണെന്ന് ദമ്പതികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.