ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ ടോണി ചമ്മിണി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: കോൺഗ്രസിന്‍റെ ഇന്ധനവില വർധനവിനെതിരായ സമരത്തിനിടെ നടൻ ജോജു ജോർജിന്‍റെ കാർ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുൻ മേയർ ടോണി ചമ്മിണി അടക്കമുളളവരുടെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും. ടോണി ചമ്മിണി ഉൾപ്പെടെയുള്ളവർ ഇന്നലെ മരട് പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു.
കോടതി റിമാൻഡ‍് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ കോവിഡ് നിരീക്ഷണത്തിനുശേഷം ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റും. വ്യാജ പരാതിയിലാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് ടോണി ചമ്മിണി ആരോപിച്ചിരുന്നു. ജോജുവിന്‍റെ കാർ ആക്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് സമരത്തിനിടയിലേക്ക് നടൻ മനപൂർവം നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയെന്നുമാണ് കോൺഗ്രസിന്‍റെ നിലപാട്.
ജോജു ജോർജിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ജോജുവിന്റെ പരാതി. ഇതിനിടെ ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കാൻ കോൺഗ്രസും ആലോചിക്കുകയാണ്.
സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെ.പി.സി.സി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. ജോജു ജോർജ് വിഷയത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും. അതേസമയം, ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്ത വി.ഡി.സതീശന്‍റെ നടപടിയിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.