ബാങ്ക് വീട് ജപ്തി ചെയ്തു; അന്ധയായ വയോധികയും മകനും ഒരാഴ്ചയായി വരാന്തയിൽ
text_fieldsപറവൂർ: വായ്പ അടവ് മുടങ്ങിയതിനാൽ ബാങ്ക് വീട് ജപ്തി ചെയ്തപ്പോൾ മറ്റെങ്ങും പോകാനാകാതെ വയോധികയും മകനും അടഞ്ഞുകിടക്കുന്ന വീടിന്റെ വരാന്തയിൽ താമസം തുടങ്ങി. താന്നിപ്പാടം മുണ്ടൂരുത്തി തായാട്ടുപറമ്പിൽ രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലാത്ത വിളമയും (82) അവിവാഹിതനായ മകൻ റാഫിയു(42) മാണ് വരാന്തയിൽ ഒരാഴ്ചയായി അന്തിയുറങ്ങുന്നത്.
2010ൽ വ്യവസായ ആവശ്യത്തിനായി വിളമയുടെ ഭർത്താവ് വറീതുകുട്ടി ഗ്രാമീൺ ബാങ്ക് ശാഖയിൽനിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തു. വായ്പ അടവ് മുടങ്ങിയതിനാൽ മുതലും പലിശയും അടക്കം അത് 24 ലക്ഷമായി മാറി. വറീതുകുട്ടി നാല് വർഷം മുമ്പ് മരിച്ചു. കോടതി വിധിയെത്തുടർന്ന് ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം വീട് സീൽ ചെയ്തിരിക്കുകയാണ്. 24 ലക്ഷം രൂപയുടെ ബാധ്യത തീർക്കാൻ അമ്മക്കും മകനും മുന്നിൽ ഒരു മാർഗവുമില്ല.
അമ്മയും മകനും ആശുപത്രിയിൽ പോയ തക്കം നോക്കിയാണ് ബാങ്ക് അധികൃതർ ജപ്തി നടപ്പാക്കിയത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മരുന്നും റേഷൻ കാർഡും മറ്റും വീടിനകത്താണ്. വസ്ത്രം പോലും മാറ്റാൻ പറ്റാത്ത അവസ്ഥയിലാണ് ഇരുവരും. സമീപവാസികളാണ് ഭക്ഷണം നൽകുന്നത്.
അദാലത്തുകളിൽ മകൻ റാഫി ഹാജരായെങ്കിലും ബാങ്കുകാർ എത്തിയില്ല. മരം കടയുന്ന ജോലിയായിരുന്നു റാഫിക്ക്. കണ്ണിന് പരിക്കേറ്റതോടെ ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. വിളമക്ക് മൂന്ന് പെൺമക്കൾ ഉണ്ടെങ്കിലും സാമ്പത്തികമായി അവരും പിന്നാക്കാവസ്ഥയിലാണ്. അമ്മയെയും മകനെയും കൊണ്ടുപോയി കൂടെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളുമില്ല.
ഇവർക്ക് താമസ സൗകര്യമൊരുക്കുന്ന കാര്യം പരിശോധിക്കാമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽനിന്ന് ബന്ധപ്പെട്ടതിനെത്തുടർന്ന് ഏഴരലക്ഷം രൂപ അടച്ചാൽ തീർപ്പാക്കാമെന്ന് ബാങ്ക് റിക്കവറി ഓഫിസർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ പറവൂർ താലൂക്ക് ലീഗൽ സർവി സ് അതോറിറ്റി വിളമയെ തേവരയിലുള്ള അഗതി മന്ദിരത്തിലേക്ക് മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയതായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.