പണാപഹരണം നടത്തിയ കേസിൽ ബാങ്ക് മാനേജരെയും കൂട്ടാളിയെയും അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു
text_fieldsതിരുവനന്തപുരം: പണാപഹരണം നടത്തിയ കേസിൽ ബാങ്ക് മാനേജരെയും കൂട്ടാളിയെയും അഞ്ച് വർഷം കഠിന തടവിന് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചു. 1,20,000 രൂപ വീതം പിഴയും അടക്കണം. ജില്ല-കോ-ഓപ്പറേറ്റീവ് ബാങ്ക് മെഡിക്കൽ കോളജ് ശാഖയിലെ മാനേജറായിരുന്ന കെ. അബ്രഹാമിനെയും കൂട്ടാളിയായ കൊല്ലം പുത്തൂർ സ്വദേശിയായ പ്രദീപ് കുമാറിനെയും പണാപഹരണം നടത്തിയതിനാണ് ശിക്ഷിച്ചത്.
2006-ൽ തിരുവനന്തപുരം ജില്ല-കോ-ഓപ്പറേറ്റീവ് ബാങ്ക് മെഡിക്കൽ കോളജ് ശാഖാ മാനേജറായിരുന്ന കെ. അബ്രഹാമും കൊല്ലം പുത്തൂർ സ്വദേശിയായ എസ്. പ്രദീപ് കുമാറും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജമായി ജാമ്യ രേഖകൾ ഹാജരാക്കി ആനയറ എന്ന സ്ഥലത്ത് പവർ ലോൺട്രി തുടങ്ങുന്നതിനുവേണ്ടി 25 ലക്ഷം രൂപ വായ്പയെടുത്തു. അത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ കേസിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് മുൻ ഡി.വൈ.എസ്.പി ഡി. രാജേന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
നിലവിലെ കാസർഗോഡ് അഡിഷണൽ പോലീസ് സൂപ്രണ്ട് ശ്യാം ലാൽ, വിജിലൻസ് ആസ്ഥാനത്തെ ഡി.വൈ.എസ്.പി സി. വിനോദ്, പട്ടം സ്റ്റേറ്റ് സ്പെഷ്യൽ ബ്റാഞ്ച് ഡി.വൈ.എസ്.പി സി. ചന്ദ്രൻ എന്നിവരാണ് ഈകേസിൽ അന്വേഷണം നടത്തിയത്.
നിലവിലെ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പൊലീസ് സൂപ്രണ്ട് വി. അജയകുമാർ കുറ്റപത്രം നൽകിയ കേസിലാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ, രഞ്ജിത്ത് കുമാർ എന്നിവർ ഹാജരായി. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.