ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിൽ പോര് മുറുകുന്നു
text_fieldsപത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിൽ പോര് മുറുകുന്നു. മന്ത്രിക്കെതിരെ ചിറ്റയം ഗോപകുമാർ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നൽകി. ചിറ്റയത്തിനെതിരെ രാവിലെ വീണ ജോർജും പരാതി നൽകി.
കൂടിയാലോചന നടത്താതെയാണ് മന്ത്രി കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ആരോപിച്ചാണ് ചിറ്റയം നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. സർക്കാറിന്‍റെ ഒന്നാം വാർഷികത്തിൽ ചിറ്റയത്തിന് ക്ഷണം ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് വീണക്കെതിരെ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽനിന്ന് വിട്ടുനിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വീണ ജോർജ് പരാതി നൽകിയത്. ചിറ്റയത്തിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സർക്കാറിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എം.എൽ.എമാരെ ക്ഷണിക്കേണ്ടത് ജില്ല ഭരണകൂടമാണ്. തന്റെ ഫോൺകാൾ വിവരങ്ങൾ വേണമെങ്കിൽ പാർട്ടിക്ക് പരിശോധിക്കാമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
എം.എൽ.എമാരെ ഉൾപ്പെടെ ഏകോപിപ്പിക്കുന്നതിൽ പൂർണപരാജയമാണ് വീണ ജോർജെന്നും അത്യാവശ്യങ്ങൾക്ക് വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രിയും പത്തനംതിട്ട നഗരസഭ ചെയർമാനും തമ്മിൽ പോരാണെന്ന് നേരത്തേ വെളിപ്പെട്ടിരുന്നു.
അവസരം മുതലെടുത്ത് മന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ആരോഗ്യമന്ത്രി സ്വന്തം ജില്ലയിൽപോലും വൻ പരാജയമായിരുന്നുവെന്ന് അവർ ആരോപിക്കുന്നു.
നിസ്സാരരോഗവുമായി ജില്ലയിലെ പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികളിലെത്തുന്ന നൂറുകണക്കിന് സാധാരണക്കാരെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിടുകയാണെന്നും രണ്ട് ജനറൽ ആശുപത്രിയിലും സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമാകുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.