ബി.ജെ.പി സ്ഥാനാർഥി ഇല്ലാതായതിനെച്ചൊല്ലി പരസ്പരം ആരോപണവുമായി എൽ.ഡി.എഫും യു.ഡി.എഫും; ഗുരുവായൂരിൽ ചേലുള്ള പോര്
text_fieldsചാവക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. അബ്ദുൽ ഖാദർ തെരഞ്ഞെടുക്കപ്പെട്ട ഗുരുവായൂരിൽ ചരിത്രം ആവർത്തിക്കാൻ എൽ.ഡി.എഫും തിരിച്ചുപിടിച്ചേ അടങ്ങൂ എന്ന വാശിയിൽ യു.ഡി.എഫും പോരാട്ടത്തിലാണ്. മൂന്ന് തവണയും അബ്ദുൽ ഖാദർ ജയിച്ച മണ്ഡലത്തിൽ അദ്ദേഹമില്ലെന്നത് യു.ഡി.എഫ് പാളയത്തിൽ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്.
മുതിർന്ന നേതാവ് കെ.എൻ.എ. ഖാദറാണ് യു.ഡി.എഫ് സ്ഥാനാർഥി. ചാവക്കാട് നഗരസഭ മുൻ അധ്യക്ഷനും സി.പി.എം ഏരിയ സെക്രട്ടറിയുമായ എൻ.കെ. അക്ബറിനെയാണ് എൽ.ഡി.എഫ് മത്സരിപ്പിക്കുന്നത്. സ്ഥാനാർഥി നിർണയം കഴിഞ്ഞയുടൻ അക്ബർ പ്രചാരണമാരംഭിച്ചു. ഒന്നാം ഘട്ടം പ്രചാരണം പാതിയിലെത്തിയപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർഥിയായി കെ.എൻ.എ. ഖാദറിനെ പ്രഖ്യാപിച്ചത്.
നാല് തവണ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഖാദർ എത്തിയതോടെ പ്രവർത്തകർ ഉഷാറായി. വന്നയുടൻ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അകപ്പെട്ടത് അൽപം ആശങ്ക ഉയർത്തിയെങ്കിലും അത് കൂളായി നേരിട്ടെന്ന നിലപാടിലാണ് പ്രവർത്തകർ. പതിവ് കാഴ്ചയിൽനിന്ന് വ്യത്യസ്തമായി ആൾക്കൂട്ടത്തിനിടയിൽ ഒരു ഇരിപ്പിടമിട്ട് 'ചോദിക്കൂ പറയാം' എന്ന മട്ടിലാണ് ഖാദറിെൻറ പ്രചാരണം.
എൽ.ഡി.എഫ് സർക്കാറിെൻറ അഞ്ച് വർഷത്തെ ഭരണനേട്ടത്തിെൻറ തുടർച്ചക്കാണ് അക്ബർ വോട്ട് ചോദിക്കുന്നത്. കെ.വി. അബ്ദുൽ ഖാദറാണ് അക്ബറിെൻറ പട നയിക്കുന്നത്. ഗുരുവായൂർ തെരഞ്ഞെടുപ്പിെൻറ 'ട്വിസ്റ്റ്' എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയതാണ്.
കഴിഞ്ഞ തവണ നിവേദിത പിടിച്ച കാൽ ലക്ഷം വോട്ട് ആർക്കെന്നത് ഇപ്പോഴും നിശ്ചയമില്ല. ബി.ജെ.പി സ്ഥാനാർഥി ഇല്ലാതായതിനെച്ചൊല്ലി എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം ആരോപണവും ഉയർത്തുന്നുണ്ട്. മുസ്ലിം ലീഗിൽ ഇപ്പോഴും ഇടഞ്ഞു നിൽക്കുന്ന കടപ്പുറം പഞ്ചായത്തിലെ ഒരു വിഭാഗമുണ്ട്.
സ്ഥാനാർഥി നിർണയത്തിന് മുമ്പേ പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കാൻ സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടും തീർക്കാനായിട്ടില്ല. ഏറ്റവും ഒടുവിൽ സംസ്ഥാന പ്രസിഡൻറിെൻറ നിർദേശവുമായി അദ്ദേഹത്തിെൻറ മകനും യൂത്ത് ലീഗ് ദേശീയ പ്രസിഡൻറുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ചാവക്കാട്ടെത്തിയിട്ടും ഔദ്യോഗിക വിഭാഗമെന്ന് പറയുന്നവർ ചർച്ചയിൽ പങ്കെടുത്തിട്ടില്ല.
2016 നിയമസഭ
കെ.വി. അബ്ദുൽ ഖാദർ
(സി.പി.എം) 66,088
അഷറഫ് കോക്കൂർ
(മുസ്ലിം ലീഗ്) 50990
അഡ്വ. നിവേദിത
(എൻ.ഡി.എ) 25490
ഭൂരിപക്ഷം 15490
2019 ലോക്സഭ
ടി.എൻ. പ്രതാപൻ
(കോൺഗ്രസ്) 65160
രാജാജി മാത്യൂസ് തോമസ്
(സി.പി.ഐ) 44695
സുരേഷ് ഗോപി
(ബി.ജെ.പി) 33967
ഭൂരിപക്ഷം 20465
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.