സൗഹൃദങ്ങളുടെ ‘ബിഗ് ബ്രദർ’
text_fieldsസിനിമകൊണ്ടും ജീവിതംകൊണ്ടും എന്നും സിനിമക്കാർക്കിടയിലെ സാധാരണക്കാരനായിരുന്നു സിദ്ദീഖ്. സാധാരണക്കാരനായി ജനിച്ച് അതിലേറെ സാധാരണക്കാരനായി ജീവിക്കാൻ ഇഷ്ടപ്പെട്ടു. സ്കൂൾ ജീവനക്കാരന്‍റെ ജോലിയിൽനിന്ന് ഉള്ളുനിറഞ്ഞ സിനിമാസ്വപ്നങ്ങളുടെ കൈപിടിച്ച് ബോളിവുഡുവരെ വളർന്നപ്പോഴും സംവിധായകന്‍റെ ജാഡകളും പരിവേഷങ്ങളുമെല്ലാം മാറ്റിവെച്ച് എല്ലാവരുമായും സൗഹൃദത്തോടെയും സൗമ്യതയോടെയും ഇടപെട്ടു. ഒന്നിനുപിറകെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ച ആ ചലച്ചിത്രപ്രതിഭ പഴയ സൗഹൃദങ്ങളും മിമിക്രിക്കാലവും കലാഭവൻ നാളുകളും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമകളായി എക്കാലവും മനസ്സിൽ സൂക്ഷിച്ചു.
എറണാകുളം പുല്ലേപ്പടിയിലായിരുന്നു ബാല്യം. മിമിക്രിയും അഭിനയവും സിനിമയും സ്വപ്നംകണ്ട ഒരുപിടി കൂട്ടുകാർക്കിടയിലായിരുന്നു ആ ജീവിതം. പഠനത്തിനുശേഷം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിൽ ക്ലർക്കായി. അന്നും മനസ്സുനിറയെ സിനിമയായിരുന്നു. കടന്നുവന്ന വഴികളിൽ കണ്ടുമുട്ടിയ മുഖങ്ങളെല്ലാം വലുപ്പച്ചെറുപ്പമില്ലാതെ അദ്ദേഹത്തിന് പ്രിയപ്പെട്ടവരായി. അവരിൽ പലരെയും അഭിമുഖങ്ങളിലും എഴുത്തുകളിലും സന്തോഷത്തോടെ ഓർത്തെടുത്തു. ചിലർ സ്വന്തം സിനിമയിലെ കഥാപാത്രങ്ങൾക്ക് മാതൃകയായി. ചുറ്റുപാടുകളിൽനിന്ന് മനസ്സിൽ പതിഞ്ഞ അനുഭവങ്ങളും കഥാപാത്രങ്ങളും പലപ്പോഴും അദ്ദേഹത്തിന്‍റെ സിനിമകളിലേക്ക് കടന്നുവന്നത് അങ്ങനെയാണ്. ലാലുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞപ്പോഴും അവർക്കിടയിലെ സൗഹൃദം ഉലഞ്ഞിരുന്നില്ല.
ജീവിതശൈലി വ്യത്യസ്തമാണെങ്കിലും മനുഷ്യരുടെ വികാരങ്ങൾ മാറുന്നില്ല എന്ന വിശ്വാസക്കാരനായിരുന്നു സിദ്ദീഖ്. അവരുടെ സങ്കടത്തിനും സന്തോഷത്തിനും ആഴവും കനവും ഒന്നുതന്നെയെന്ന ചിന്തയാണ് അദ്ദേഹത്തെ സാധാരണക്കാരനായി നിലനിർത്തിയത്. തന്‍റെ സിനിമകളുടെ സ്വീകാര്യതയുടെ അടിസ്ഥാന ഘടകമായി കണ്ടതും താൻ കണ്ടുമുട്ടിയ മനുഷ്യരുടെ നിറഭേദങ്ങളില്ലാത്ത ആ വികാരങ്ങളാണ്. നായകന്‍റെ വികാരത്തിനൊപ്പം പ്രേക്ഷകന്‍റെയും വികാരം അളന്നെടുത്താണ് സിനിമകൾ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.