വഴിക്കടവിൽ പുലി ഇടിച്ച് ബൈക്ക് മറിഞ്ഞു
text_fieldsനിലമ്പൂർ: റോഡിന് കുറുകെ ചാടിയ പുലി ഇടിച്ച് ബൈക്ക് മറിഞ്ഞു. ബൈക്കിൽനിന്ന് തെറിച്ചുവീണ യുവാവിന് പരിക്കേറ്റു. രണ്ടാംപാടം സ്വദേശിയും ബാർബർ ഷോപ്പ് ഉടമയുമായ പന്താർ അസർക്കിനാണ് (33) പരിക്കേറ്റത്. വഴിക്കടവ് നെല്ലിക്കുത്ത്-രണ്ടാംപാടം റോഡിൽ വെള്ളിയാഴ്ച രാത്രി 11ഓടെയാണ് അപകടം.
മണിമൂളി നെല്ലിക്കുത്തിലെ ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോവുമ്പോൾ പുലി ഇടിച്ച് ബൈക്ക് തെറിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പുലി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ബൈക്കിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ പുലിയെ വ്യക്തമായി കണ്ടതായി അസർക്ക് പറയുന്നു.
പുലിയെ കണ്ട് പേടിച്ച അസർക്ക് നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ശബ്ദം കേട്ട് സമീപ വീട്ടുകാരായ കൊമ്പൻ സുബൈർ, ഫോറസ്റ്റ് വാച്ചർ ബഷീർ, നാലകത്ത് ഹാഷിക്ക് എന്നിവർ ഓടിയെത്തി. വീഴ്ചയിൽ അസർക്കിന്റെ കൈകാലുകൾക്കും തുടക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പാലാടിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിന്റെ മുൻഭാഗത്ത് കേടുപാടുണ്ട്.
ശനിയാഴ്ച രാവിലെ നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം. വിജയൻ, ഫോറസ്റ്റ് ഓഫിസർ കെ.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരെത്തി സ്ഥലത്ത് പരിശോധന നടത്തി. റോഡിനോട് ചേർന്ന് കാൽപാട് കണ്ടെത്തിയെങ്കിലും വ്യക്തമല്ലാത്തതിനാൽ ഇത് പുലിയുടെതാണെന്ന് ഉറപ്പിച്ചിട്ടില്ല. പ്രദേശത്ത് വ്യാഴാഴ്ച രാത്രിയും പുലിയെ കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മരത്തിൻകടവിൽ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. ഇവിടെനിന്ന് നൂറ് മീറ്റർ അകലെയാണ് നെല്ലിക്കുത്ത് വനപ്രദേശം. ഇവിടെ പുലിയുടെ സാന്നിധ്യം നേരത്തെ വനം വകുപ്പ് സ്ഥിരീകരിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.