ബിഷപ് വർഗീയ പരാമർശം നടത്തിയിട്ടില്ല; പാലാ ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപി
text_fieldsകോട്ടയം: പാലാ ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്ന് ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുരേഷ്ഗോപി. ബിഷപ്പ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ല. വർഗീയ പരാമർശം നടത്തിയിട്ടുമില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ന് രാവിലെ പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ഗോപി ചോദിച്ചു. നാർക്കോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്‌തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത്, എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റഫർ ചെയ്തിട്ടുണ്ടാകാം. ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. ഞാൻ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പും താനുമായി മാധ്യമങ്ങൾ അറിയേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും എം.പി വ്യക്തമാക്കി.
നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം തേടുകയാണെങ്കിൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കില്ല. കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നും ചൊവ്വാഴ്ച സുരഷ് ഗോപി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സന്ദർശനം. പാലാ ബിഷപ് ആവശ്യപ്പെട്ടതുപ്രകാരമാണോ കൂടിക്കാഴ്ച എന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.