കണക്കില്ലാതെ പണമൊഴുക്കിയിട്ടും വട്ടപ്പൂജ്യം; പണമെവിടെ പോയി എന്ന് പരിശോധിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ 'സ്വതന്ത്രമായ' മൂന്നംഗ സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. മുൻ ഐ.എ.എസ് ഉദ്യേഗസ്ഥരായിരുന്ന സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ഡൽഹി മെട്രോ മുൻ ചീഫ് ഇ.ശ്രീധരന്‍ എന്നിവരാണ് ഫണ്ട് വിനിയോഗം അന്വേഷിക്കുക.
കൊടകരയിൽ കുഴൽപണ കവർച്ചയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾ പ്രതികളാകുകയും അനധികൃതമായി എത്തിച്ച തെരഞ്ഞെടുപ്പ് ഫണ്ട് വ്യാപകമായി തിരിമറി നടത്തിയതായി ആരോപണം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വം 'സ്വതന്ത്ര' അേന്വഷണ സംഘത്തെ നിയമിച്ചത്്. അന്വേഷണ സംഘത്തിലുള്ള മൂന്നു പേരും ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെങ്കിലും ഔദ്യോഗികമായി പാർട്ടി പദവികളൊന്നും വഹിക്കുന്നില്ല. അതേസമയം, ഇ. ശ്രീധരനും ജേക്കബ് തോമസും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ നേരിട്ടിടപെട്ടാണ് അന്വേഷണ കമീഷനെ നിയമിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അന്വേഷണ റിപ്പോർട്ട് ഇവർക്ക് നേരിട്ട് നൽകാനാണ് നിർദേശം.
പാർട്ടി നേതാക്കളിൽ നിന്നും അംഗങ്ങളിൽ നിന്നും നേരിട്ട് വിവരം ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിർദേശം. പ്രസിഡന്‍റ് കെ. സുരേന്ദ്രൻ, സംഘടനാകാര്യ സെക്രട്ടറി ബി.എൽ സേന്താഷ് എന്നിവർക്കെതിരെയാണ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ആരോപം ശക്തമായുള്ളത്.
രേഖയില്ലാത്ത പണമായതിനാൽ വലിയ തുകകൾ നേരിട്ട് വിതരണം ചെയ്തും മറ്റുമാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗിച്ചിരുന്നത്. ഇങ്ങനെ കൈകാര്യം ചെയ്ത വലിയ തുക കൊടകരയിൽ വെച്ച് ചില പാർട്ടി നേതാക്കളുടെ അറിവോടെ തട്ടിയെടുത്തതാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് വിവാദമുയരാൻ കാരണം.
കേരളത്തിലെ പ്രകടനം മെച്ചപ്പെടുത്താൻ കോടികൾ കേന്ദ്ര നേതൃത്വം ഒഴുക്കിയിരുന്നെങ്കിലും നേരത്തെ ഉണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്ടപ്പെടുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ കൂടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയോഗിച്ചത്.
തെരെഞ്ഞടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായ സുരേഷ് ഗോപിക്കും നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതാക്കളിൽ നിന്നും അണികളിൽ നിന്നും വിവരം ശേഖരിച്ച് റിപ്പോർട്ട് ചെയ്യാനാണ് സുരേഷ് ഗോപിക്ക് കിട്ടിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.