സൈബർ പോരിടത്തിൽ ബി.ജെ.പിയും സജീവം
text_fieldsകോഴിക്കോട്: 'പുതിയകേരളം മോദിക്കൊപ്പം' എന്ന മുദ്രാവാക്യവുമായി എൻ.ഡി.എയുെട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് ബി.ജെ.പിയുടെ സംസ്ഥാനത്തെ ഐ.ടി വിഭാഗം. ഒരേസമയം 60 പേരാണ് സൈബറിടത്തിൽ കാവിപ്പടയുടെ നീക്കങ്ങൾ നിയന്ത്രിക്കുന്നത്. BJP Keralam എന്ന ഫേസ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്യുന്ന പ്രചാരണോപാധികൾ ജില്ല ഘടകങ്ങളും പാർട്ടി പ്രവർത്തകരും ഷെയർ ചെയ്ത് ജനങ്ങളിലേക്കെത്തിക്കുകയാണ്. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഇതേ പേരിൽ അക്കൗണ്ടുകളുണ്ട്.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നയിച്ച വിജയയാത്ര തിരുവനന്തപുരത്ത് സമാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് പാർട്ടിയുടെ ഐ.ടി സെൽ 'എൻറർ' ചെയ്തതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്. ജയശങ്കർ പറഞ്ഞു. ഐ.ടി, സോഷ്യൽമീഡിയ മേഖലകളിൽ കഴിവുതെളിയിച്ചവരാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ ഇടത്തെ 'വാർ റൂം' എന്ന് വിളിക്കാൻ ഐ.ടി സെല്ലിന് താൽപര്യമില്ല. വാർ റൂം എന്നത് 'വയലൻസ്' ധ്വനിപ്പിക്കുന്നതാണെന്ന് ജയശങ്കർ അഭിപ്രായപ്പെടുന്നു. പോസിറ്റിവായ പ്രചാരണങ്ങളാണ് പാർട്ടി ലക്ഷ്യമിടുന്നത്.
6.75 ലക്ഷം പേരാണ് BJP Keralam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്നത്. 7.15 ലക്ഷം പേർ ഫോളോ ചെയ്യുന്നുമുണ്ട്. cpm kerala പേജിന് 5.89 ലക്ഷമാണ് ഞായറാഴ്ച വരെയുള്ള ലൈക്ക്. 6.70 ലക്ഷം പേർ ഫോളോ ചെയ്യുന്നു. േട്രാളുകൾക്ക് പകരം പോസ്റ്ററുകൾ നിർമിച്ചാണ് ബി.ജെ.പിയുടെ സൈബർ പോരാട്ടം. ഔട്ട്സ്പോക്കൺ എന്ന പേരിൽ സംഘ്പരിവാർ സ്വഭാവമുള്ള ട്രോൾ പേജുണ്ടെങ്കിലും പാർട്ടി ഔദ്യോഗികമായി േട്രാൾ വഴി ആക്രമണം നടത്തുന്നില്ല. പ്രളയ പുനർനിർമാണം, പ്രളയഫണ്ട്, ഒാഖി ദുരിതാശ്വാസനിധി എന്നിവയെക്കുറിച്ചുള്ള പോസ്റ്ററുകൾ ഔദ്യോഗിക പേജ് വഴി പുറത്തുവിട്ടിരുന്നു. സോളാർ കേസ്, കെ.എം. ഷാജിക്കും എം.സി. ഖമറുദ്ദീനും വി.കെ. ഇബ്രാഹീം കുഞ്ഞിനുമെതിരായ കേസ് എന്നിവയും ബി.ജെ.പിയുടെ വെർച്വൽ പോസ്റ്ററുകളിലെ വിഷയമാണ്. ഓരോ വിഷയങ്ങളിലും ഓരോ ദിവസവും പോസ്റ്ററുകൾ ഇറക്കുകയെന്നതാണ് രീതി. ഇവക്കെല്ലാം എതിർ പാർട്ടിക്കാരുടെ കമൻറ് 'പൊങ്കാല'യും ഏറെയാണ്. വിവിധതരം ലഘു വിഡിയോ ചിത്രങ്ങളും ഇറക്കിയിട്ടുണ്ട്.
ഡിജിറ്റൽ കോൺക്ലേവാണ് ബി.ജെ.പിയുടെ ഐ.ടി സോഷ്യൽ മീഡിയ വിഭാഗത്തിെൻറ മറ്റൊരു പ്രചാരണായുധം. കഴിഞ്ഞദിവസം തിരുവനന്തപുരത്തായിരുന്നു ഇതിെൻറ ഉദ്ഘാടനം. ഞായറാഴ്ച രണ്ടാമത്തെ കോൺക്ലേവ് ചെങ്ങന്നൂരിൽ നടന്നു.
മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന കെ.സുരേന്ദ്രന്റെ ഡിജിറ്റൽ സാന്നിധ്യം രണ്ട് മണ്ഡലങ്ങളിലും ഉറപ്പിക്കാനുള്ള പദ്ധതിയും ഐ.ടി വിഭാഗത്തിനുണ്ട്. ഓഗ്മെൻറഡ് റിയാലിറ്റിയുടെ സാധ്യതകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.