'പി.സി ഇഫക്ടും' പിഴച്ചു; ബി.ജെ.പിക്ക് വോട്ട് വിഹിതം വീണ്ടും കുറഞ്ഞു
text_fieldsകൊച്ചി: ജില്ലാ നേതാവ് മത്സരിച്ചപ്പോൾ ലഭിച്ച വോട്ടുപോലും സംസ്ഥാന നേതാവിന് കിട്ടിയില്ല എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന്റെ ആഘാതം വർധിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നേടിയതിനേക്കാൾ വോട്ടും വോട്ടുശതമാനവും കുറയുകയും ചെയ്തു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെ കളത്തിലിറക്കിയിട്ടും ബി.ജെ.പി നേടിയത് 12,957 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർഥി നേടിയ വോട്ടിന്റെയത്ര പോലും വരില്ല ഇത്. ട്വന്റി 20യുടെ ഡോ. ടെറി തോമസ് 13,897 വോട്ടുകളാണ് കഴിഞ്ഞ തവണ പിടിച്ചത്. എന്നിട്ടും എൻ.ഡി.എ സ്ഥാനാർഥിയായ ജില്ലാ നേതാവ് എസ്. സജി 15,483 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ ട്വന്റി 20 കളത്തിലില്ലാതിരുന്നിട്ടും ആ നിലയിലേക്ക് എത്താൻ രാധാകൃഷ്ണന് കഴിഞ്ഞില്ല.
2016ൽ 15 ശതമാനവും 2021ൽ 11.34 ശതമാനവും വോട്ടുകളാണ് ബി.ജെ.പി നേടിയത്. ഇത്തവണ അത് 9.57% ആയി കുറഞ്ഞു. മതവിദ്വേഷ പ്രസംഗക്കേസിൽ ജയിൽമോചിതനായെത്തിയ മുൻ എം.എൽ.എ പി.സി. ജോർജിനെ എത്തിച്ചിട്ടുപോലും ഒരു തരംഗവുമുണ്ടാക്കാൻ ബി.ജെ.പിക്കായില്ല. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സുരേഷ് ഗോപി എം.പി, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരൊക്കെ ഇറക്കിയിട്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.