പൊന്നാനിയിലെ ഉല്ലാസബോട്ട് സർവിസ് താൽക്കാലികമായി നിർത്തും
text_fieldsപൊന്നാനി: മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ ഉല്ലാസ ബോട്ടുകൾ സർവിസ് നടത്തുന്ന പൊന്നാനിയിലെ ഉല്ലാസബോട്ട് സർവിസ് ഇനി സുരക്ഷ സംവിധാന പരിശോധനക്ക് ശേഷം മതിയെന്ന് നഗരസഭ തീരുമാനം. ഫിറ്റ്നസ്, മറ്റ് രേഖകൾ എന്നിവ തുറമുഖ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ബോട്ടുകൾ സർവിസ് നടത്താനാകൂ.
ഇതിന് മുന്നോടിയായി ബോട്ടുടമകളുടെ യോഗവും ചേരും. സുരക്ഷയില്ലാതെയും, മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പൊന്നാനിയിൽ ബോട്ടുകൾ സർവിസ് നടത്തുന്നതെന്ന റിപ്പോർട്ട് ചൊവ്വാഴ്ച പൊന്നാനി തഹസിൽദാർ ജില്ല കലക്ടർക്ക് കൈമാറുമെന്നാണ് അറിയുന്നത്.
സവാരിക്കെത്തുന്നത് ആയിരങ്ങൾ; സർവീസ് കുത്തിനിറച്ച്
വേനലവധി ആഘോഷിക്കാൻ പൊന്നാനിയിലെ നിളയോര പാതയിൽ ദിവസേനയെത്തുന്നത് ആയിരങ്ങൾ. ഇവരിലധികവും ബോട്ട് സവാരി ലക്ഷ്യമാക്കിയുള്ളവരാണ്. ഇരുപതോളം യാത്രാബോട്ടുകളാണ് ഇവിടെയുള്ളത്.തിരക്ക് വർധിക്കുമ്പോൾ കയറ്റാൻ നിർദേശിച്ച എണ്ണത്തിന്റെ ഇരട്ടിയോളം പേരെ കയറ്റിയാണ് പല ബോട്ടുകളും സർവിസ് നടത്തുന്നത്. ഇരുട്ട് വീഴും മുമ്പ് സർവീസ് നിർത്തണമെന്ന് കർശന നിർദേശമുണ്ടെങ്കിലും പാലിക്കാറില്ല. മിക്ക ദിവസങ്ങളിലും രാത്രി 7.30 വരെ സർവീസ് നീളും. പാതയോരങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ കൂരിരുട്ടാണ് ഈ മേഖലയിൽ.
പുഴയുടെ ഇടുങ്ങിയ വഴിയിലൂടെ ബോട്ടുകൾ ഒരുമിച്ച് കടന്നുപോകുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നതാണ്. അഴിമുഖത്തിന് കുറുകെ സവാരിക്ക് നിയന്ത്രണമുണ്ടെങ്കിലും മിക്ക ബോട്ടുകളും ഇതുവഴിയാണ് പോകുന്നത്. വേലിയേറ്റ സമയങ്ങളിലെ ശക്തമായ ഓളങ്ങൾ ബോട്ടുകളുടെ നിയന്ത്രണം തെറ്റിക്കുന്ന തരത്തിലാണ്. നിർത്താനാകുന്ന സമയമെത്തിയാൽ തീരത്ത് കാത്തുനിൽക്കുന്നവരെ കുത്തിനിറച്ച് സർവിസ് നടത്തുന്നത് പതിവാണ്.
ലൈഫ് ജാക്കറ്റുണ്ട്; ധരിക്കാറില്ല
ലൈഫ് ജാക്കറ്റുകൾ ബോട്ടിലുണ്ടാകുമെങ്കിലും ആരും ധരിക്കാറില്ല. തിരക്ക് കൂടുന്ന സമയങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ജാക്കറ്റുകൾ ഉണ്ടാകാറുമില്ല. ബോട്ടുകളുടെ മുകൾ നിലയിൽ സഞ്ചാരികൾക്ക് നൃത്തം ചെയ്യാൻ അവസരം നൽകുന്നതും അപകട ഭീഷണി ഉണ്ടാക്കുന്നതാണ്. അവധി ദിവസങ്ങളിൽ അനിയന്ത്രിത തിരക്കുണ്ടാകാറുണ്ടെങ്കിലും പരിശോധനക്ക് പൊലീസോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ എത്താറില്ലെന്ന ആക്ഷേപമുണ്ട്.
സ്ഥിരം ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. സ്ഥിരം സുരക്ഷ പരിശോധനയുമില്ല. നിശ്ചിതസമയം കഴിഞ്ഞും സർവീസ് നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥിരം പട്രോളിങ് എന്ന ആവശ്യവും നടപ്പായിട്ടില്ല. അവധിദിനങ്ങളിൽ ഉദ്യോഗസ്ഥർ കണ്ണടക്കുന്നെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. ബോട്ടുകളുടെ യന്ത്രക്ഷമതയുടെ കാര്യത്തിലും പരിശോധനയുണ്ടാകുന്നില്ല.
വൈദ്യുത ബൾബുകളാൽ അലങ്കരിച്ച ബോട്ടുകളും രാത്രി സർവീസ് നടത്തുന്നുണ്ട്. രാവിലെ 10 മുതൽ 6.15 വരെയാണ് അനുവദിച്ച സമയം. പരമ്പരാഗത വള്ളങ്ങളിൽ മേൽക്കൂര കെട്ടി പുഴയിൽ സവാരി നടത്തുന്നത് തടഞ്ഞിട്ടുണ്ട്. എന്നാൽ, നിളയോര പാതയിലെത്തുന്നവരുടെ തിരക്ക് കൂടിയതോടെ ഇത്തരം വള്ളങ്ങൾ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നു.
ഇൻലാൻഡ് വെസ്സൽ ആക്ട് പ്രകാരമുള്ള ലൈസൻസും ഹാർബർ ക്രാഫ്റ്റ് ലൈസൻസും വിനോദസഞ്ചാര ബോട്ടുകൾക്ക് നിർബന്ധമാണ്. ലൈസൻസിയുടെ പേര്, കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം, എൻജിൻ വിവരങ്ങൾ, സുരക്ഷ മുന്നറിയിപ്പുകൾ, എമർജൻസി നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ ജെട്ടിയിൽ പ്രദർശിപ്പിക്കുകയും യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രക്കാർക്ക് സുരക്ഷ സംബന്ധിച്ച് ബോധവത്കരണം നൽകുകയും വേണം. യാത്രക്കാർക്ക് കയറാൻ നിർമിച്ച ജെട്ടികളുടെ സുരക്ഷയും ഉറപ്പാക്കണം. എന്നാൽ, ഇതൊന്നും ക്രിയാത്മകമായി നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.