കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു
text_fieldsകയ്പമംഗലം (തൃശൂർ): വഞ്ചിപ്പുരയിൽ കടലിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. ബിഹാർ ബനിയപ്പൂർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരുടെ മൃതദേഹങ്ങളാണ് കരയ്ക്കടിഞ്ഞത്. സായിദിൻ്റെ മൃതദേഹം ഞായറാഴ്ച രാത്രി 10 മണിയോടെയും, മുംതാജിൻ്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയുമാണ് വഞ്ചിപ്പുര ബീച്ചിൽ കരയ്ക്കടിഞ്ഞത്.
മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം കടലിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അഞ്ച് പേരും തിരയിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതായി.
സംഭവമറിഞ്ഞ് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മുഹമ്മദ് സയീദ് പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർഥിയാണ്. ടൈൽസ് പണിക്കെത്തിയ മുംതാജും കുടുംബവും വഴിയമ്പലത്താണ് താമസിക്കുന്നത്. മുംതാജിൻ്റെ സഹോദരി പുത്രനാണ് സായിദ്. കയ്പമംഗലം പൊലീസിൻ്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാരം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.