സൗദിയിൽ മരിച്ച ബാബുവിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് എം.എ യൂസഫലിയുടെ ഇടപെടൽ
text_fieldsകൊച്ചി: സൗദി അറേബ്യയിലെ കമീസ് മുഷൈത്തിൽ വെച്ച് കെട്ടിടത്തിൽനിന്ന് വീണു മരിച്ച പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ബാബുവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രി 10.30ഓടെയാണ് റിയാദിൽനിന്ന് മൃതദേഹം എത്തിച്ചത്.
വിമാനതാവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലുലുവിനെ പ്രതിനിധികരിച്ച് പി.ആർ.ഒ ജോയ് എബ്രഹാം, മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവരിൽ നിന്ന് 11.15ഓടെ മകൻ എബിൻ മൃതദേഹം ഏറ്റുവാങ്ങി. വ്യാഴാഴ്ച തിരുവനന്തപുരത്ത് സംസ്കാര ചടങ്ങുകൾ നടക്കും.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായത്. ലോക കേരള സഭ ഓപൺ ഫോറത്തിനിടെയാണ് നെടുമങ്ങാട് സ്വദേശി എബിൻ, സൗദിയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച തന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ
യൂസഫലിക്ക് മുന്നിൽ സഹായാഭ്യർഥനയുമായി എത്തിയത്. നടപടികൾ ഉടൻ പൂർത്തിയാക്കി മൃതദേഹം വേഗം എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്യാമെന്ന് യൂസഫലി വേദിയിൽ വെച്ച് തന്നെ എബിന് ഉറപ്പു നൽകുകയായിരുന്നു.
സ്പോൺസറിൽനിന്ന് മാറി മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുകയായിരുന്ന ബാബുവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി കടമ്പകളുണ്ടായിരുന്നു. സൗദിയിലെ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടർന്ന് ഇവ സൗദി ജവാസത്ത് വകുപ്പ് ഒഴിവാക്കിക്കൊടുത്തു. പിന്നാലെ ബാബുവിൻ്റെ സ്പോൺസറെ കണ്ടെത്തി നിരാപേക്ഷ പത്രവും വാങ്ങി അധികൃതർക്ക് നൽകി.
ഫൈനൽ എക്സിറ്റ് ലഭിച്ച ശേഷം ഫോറൻസിക് പരിശോധന പൂർത്തിയാക്കിയാണ് മൃതദേഹം വിമാനമാർഗം ചൊവ്വാഴ്ച രാത്രി തന്നെ റിയാദിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്. ഇതിനാവശ്യമായ എല്ലാ ചിലവുകളും എം.എ. യൂസഫലിയാണ് വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.