റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
text_fieldsആമ്പല്ലൂർ (തൃശൂർ): റഷ്യയില്‍ കൊല്ലപ്പെട്ട കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഒന്നര മാസത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവിലാണ് സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്.
മൃതദേഹം ഏറ്റുവാങ്ങാൻ ഞായറാഴ്ച പുലർച്ച രണ്ടിന് വിമാനത്താവളത്തില്‍ എത്തണമെന്ന് ഇന്ത്യൻ എംബസി അധികൃതർ സന്ദീപിന്റെ സഹോദരന്‍ സംഗീതിനെ അറിയിച്ചിട്ടുണ്ട്. എംബസി നിയോഗിച്ച കാര്‍ഗോ ഏജന്‍സി അധികൃതരും കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റില്‍ റഷ്യന്‍ സേനയുടെ ഭാഗമായിരുന്ന സന്ദീപ് ഡോണെസ്‌കില്‍ യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മലയാളികളുടെ വാട്‌സ്ആപ് ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് സന്ദീപിന്റെ വിയോഗം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സന്ദീപും മറ്റു മൂന്നു പേരും ഏപ്രിലിലാണ് റഷ്യയിലെത്തിയത്. ചാലക്കുടിയിലെ ഒരു ഏജന്റ് വഴിയാണ് റഷ്യയിലേക്ക് പോയത്. റസ്റ്റാറന്റിലാണ് ജോലിയെന്നായിരുന്നു വീട്ടുകാര്‍ക്ക് അറിവുണ്ടായത്. മരണത്തോടെയാണ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന വിവരം അറിയുന്നത്. സന്ദീപിനെ നിര്‍ബന്ധിതമായി കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.