മുഴുവൻ ബിൽ അടക്കാനായില്ല; തിരുവല്ലയിൽ കോവിഡ് ബാധിതെൻറ മൃതദേഹം വിട്ടുനൽകിയത് അഞ്ചാംദിവസം
text_fieldsചങ്ങനാശ്ശേരി: കോവിഡ് ബാധിച്ച് മരിച്ചയാളുടെ ചികിത്സച്ചെലവ് പൂർണമായും അടക്കാന്‍ കഴിയാതിരുന്നതിനെത്തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകിയില്ല. സി.പി.എം നേതാക്കൾ ഇടപെട്ട് തുക അടച്ചശേഷം അഞ്ചാംദിവസമാണ് മൃതദേഹം വിട്ടുനൽകിയത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര അമ്മിണി ഭവനില്‍ എന്‍.കെ. മോഹനനാണ് (52) തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏപ്രില്‍ 30ന് മരിച്ചത്. ഒരാഴ്ച മുമ്പ് മോഹനെൻറ പിതാവ് കുട്ടപ്പനാചാരിയും (85) കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മോഹനന് ദിവസങ്ങളോളം വെൻറിലേറ്ററിലായിരുന്നു. മൂന്നര ലക്ഷത്തിലധികം രൂപയായിരുന്നു ബിൽ. നിര്‍ധനകുടുംബത്തിന് ഇത് പൂർണമായും അടക്കാൻ കഴിഞ്ഞില്ല. മകളുടെ വിവാഹത്തിന് കരുതിയ സ്വര്‍ണം വിറ്റ് പകുതിയോളം തുക അടച്ചിരുന്നു. ബാക്കി കണ്ടെത്താനാവാതെ വന്നതോടെ നാലുദിവസം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.
സി.പി.എം നേതാക്കളും തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡൻറ് കെ.എന്‍. സുവര്‍ണകുമാരിയും ആശുപത്രി മാനേജ്മെൻറുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഒരുലക്ഷം രൂപ ഇളവ് അനുവദിച്ചു. ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി നൽകിയ 75,000 രൂപയും വീട്ടുകാര്‍ നല്കിയ 25,000 രൂപയും ചേര്‍ത്ത് ഒരുലക്ഷം രൂപ അടച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറായപ്പോള്‍ ആശുപത്രി അധികൃതര്‍ അഞ്ചുദിവസത്തെ മോര്‍ച്ചറി ചെലവ് ആവശ്യപ്പെട്ടത് തര്ക്കത്തിനിടയാക്കിയെങ്കിലും പിന്നീട് മൃതദേഹം വിട്ടുനൽകി. ഫാത്തിമാപുരം വിശ്വകര്‍മ ശ്മശാനത്തില്‍ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.