കാണാതായ ആരോഗ്യ വകുപ്പ് ജീവനക്കാരന്‍റെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി
text_fieldsഫറോക്ക്: ചൊവ്വാഴ്ച കാണാതായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരുവൻതിരുത്തി പെരവന്മാട് കടവിനടുത്ത് കണ്ടെത്തി. പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഒളവട്ടൂർ കക്കോട്ട് പുറത്ത് മുസ്തഫയുടെ (55) മൃതദേഹമാണ് പുഴയിലൂടെ ഒഴുകിപ്പോകുന്നതുകണ്ട മണൽ തൊഴിലാളികൾ കരക്കെത്തിച്ചത്.
പുസ്തകങ്ങൾ വാങ്ങാനെന്നു പറഞ്ഞ് ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താതെയായപ്പോൾ ബന്ധുക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് അന്വേഷണം നടത്തിയപ്പോൾ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അദ്ദേഹം ധരിച്ചിരുന്ന ചെരിപ്പും സഞ്ചരിച്ച സ്കൂട്ടറും പാലത്തിന് അടുത്തായി കാണപ്പെട്ടത്.
പാലത്തിലെ നടപ്പാത വഴി ഒരാൾ നടന്നു പോകുന്നതും പിന്നീട് അയാളെ കാണാതാവുന്നതുമായ രംഗം സി.സി.ടി.വി ദൃശ്യം വഴി ലഭിച്ചതോടെ ചാലിയാറിലേക്ക് ചാടിയതാകാമെന്ന നിഗമനത്തിൽ ബുധനാഴ്ച അഗ്നിരക്ഷാസേന പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുമ്പ് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: ഖൈറുന്നീസ (അധ്യാപിക, ജി.എൽ.പി.എസ്, തടത്തിൽ പറമ്പ് ഒളവട്ടൂർ). മക്കൾ: ഹിബ, ഹിമ, മുഹമ്മദ് ഹാദി. മരുമക്കൾ: മുനവിർ അലി(ആന്തിയൂർകുന്ന്), ഹാഫിസ് മുഹമ്മദ് (മേലങ്ങാടി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.