അമ്പലപ്പുഴയിലെ അരുംകൊല; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു, കുഴിച്ചിട്ടത് പ്രതിയുടെ വീടിന് സമീപം
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴയിലെ കരൂരിൽ ക്രൂരമായി കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതി ജയചന്ദ്രന്റെ വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്.
ജയചന്ദ്രനെ തെളിവെടുപ്പിന് എത്തിച്ച പൊലീസ് മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയത്. വിജയലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വലിയ ആഴത്തിലല്ല മൃതദേഹം കുഴിച്ചിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു.
കാണാതായെന്ന ബന്ധുക്കൾ പരാതി നൽകിയ യുവതിയാണ് അരുംകൊല ചെയ്യപ്പെട്ടത്. ദൃശ്യം സിനിമ മോഡൽ കൊലപാതം നടത്തിയ വിജയലക്ഷ്മിയുടെ സുഹൃത്തും കരൂർ സ്വദേശിയുമായ ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്ലെയർകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് മൊഴി. ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്.
പുറക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന ജയചന്ദ്രന്റെ വീടിന് സമീപം നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നാണ് നേരത്തെയുണ്ടായിരുന്ന മൊഴി. നവംബർ ഏഴിനാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതെറ്റിക്കാൻ കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിക്കുകയായിരുന്നു.
സ്വിച്ച് ഓഫ് ആയ നിലയിലുള്ള മൊബൈൽ ഫോൺ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കണ്ടക്ടറാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.
മത്സ്യത്തൊഴിലാളിയായിരുന്ന ജയചന്ദ്രൻ കൊലപാതകത്തിന് ശേഷം ഹാർബറിൽ ജോലിക്ക് പോയിരുന്നു. ശക്തികുളങ്ങര ഹാർബറിൽ വെച്ചാണ് ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും മൊഴിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.