മൃതദേഹം പുറത്തെടുത്തു; ഡി.എന്‍.എ പരിശോധന നടത്തും; ലോറി ഉയർത്തിയത് 12 മീറ്റർ ആഴത്തിൽനിന്ന്; കരക്കടുപ്പിച്ചു
text_fieldsഅങ്കോള: ഷിരൂരിൽ കണ്ടെത്തിയ അർജുന്‍റെ ലോറിയുടെ ക്യാബിനുള്ളിലെ മൃതദേഹം പുറത്തെടുത്തു. എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹത്തിന്‍റെ ഭാഗം പുറത്തെടുത്തത്.
ബോട്ടിലേക്ക് മാറ്റിയ മൃതദേഹം വിദഗ്ധ പരിശോധനക്ക് അയക്കും. കണ്ടെത്തിയ ലോറി കരക്കടുപ്പിച്ചിട്ടുണ്ട്. കരയിൽനിന്ന് 65 മീറ്റർ അകലെ നിന്നാണ് ലോറി കണ്ടെത്തിയത്. ജലോപരിതലത്തിൽനിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്. കാണാതായി 71ാം നാളാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. എന്നാൽ, മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തേണ്ടിവരും.
നേരത്തെ അർജുന്‍റെ സഹോരനിൽനിന്ന് ഡി.എൻ.എ സാമ്പിൾ ശേഖരിച്ചിരുന്നു. സ്ഥിരീകരിച്ചശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ക്യാബിൻ ഉൾപ്പെട്ട ഭാഗം കണ്ടെത്തിയത്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി ക്രെയിനിൽ ബന്ധിപ്പിച്ച് ലോറി മുകളിലേക്ക് ഉയർത്തുകയായിരുന്നു.
ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടാകുന്നത്. അന്ന് രാവിലെ 8.45നാണ് അർജുനെ കാണാതാകുന്നത്. കാണാതായ മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ പറഞ്ഞു. ട്രക്കിലെ മൃതദേഹഭാഗം ഡി.എന്‍.എ പരിശോധനക്കായി മംഗളൂരുവിലെ ലാബിലേക്ക് അയക്കും. മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ ലോകേഷിനും ജഗന്നാഥനും വേണ്ടി തിരച്ചില്‍ തുടരുമെന്നും എം.എല്‍.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.