ഫോർട്ട്കൊച്ചിയിലെ ചരിത്ര അവശേഷിപ്പുകൾ തച്ചുടച്ച് അധികൃതർ
text_fieldsഫോർട്ട്കൊച്ചി: കൊച്ചിയുടെ അവശേഷിക്കുന്ന പൈതൃക ശേഷിപ്പുകളിൽ ഒന്നായ ബ്രിട്ടീഷ് നിർമിത ജലസംഭരണി രാത്രിയുടെ മറവിൽ ആസൂത്രിതമായി പൊളിച്ചുനീക്കി. സംസ്ഥാന ഫയർ ആൻഡ് റസ്ക്യൂ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാറ്റിക് ടാങ്ക് എന്നറിയപ്പെടുന്ന ജല സംഭരണി ഒരു ഇഷ്ടികപോലും ശേഷിക്കാത്ത വിധത്തിൽ പൊളിച്ചുനീക്കിയത്.
അമരാവതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ദേവാലയത്തിന് മുൻവശത്തെ ഈ ടാങ്ക് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ കൂടിയായ പ്രിയ പ്രശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ നടപടി. ബ്രിട്ടീഷ് ഭരണകാലത്ത് അഗ്നിസുരക്ഷ കണക്കിലെടുത്ത് നിർമിച്ചതായിരുന്നു ഈ ജലസംഭരണി.
എവിടെയെങ്കിലും തീപിടിത്തം ഉണ്ടായാലും വെള്ളത്തിനായാണ് ഏതാണ്ട് 10 മീറ്റർ നീളവും നാലുമീറ്റർ വീതിയും വരുന്ന ഉപരിതല ജലസംഭരണികൾ ബ്രിട്ടീഷ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നത്. വലിയ വീപ്പയുമായുള്ള ഒരു കുതിരവണ്ടിയും സംഭരണിക്ക് സമീപം സജ്ജമാക്കി നിർത്തിയിരുന്നതായി പഴമക്കാർ പറയുന്നു.
സ്വാതന്ത്രത്തിനുശേഷം ആധുനിക അഗ്നിരക്ഷ സംവിധാനങ്ങൾ വന്നതോടെ ഇവയിൽ പലതും നീക്കംചെയ്തു. ചരിത്രസ്നേഹികൾ പൈതൃക സ്മരണക്കായി നിലനിർത്തിയിരുന്ന സംഭരണികളിൽ ഒന്നാണ് രാത്രിയുടെ മറവിൽ തകർത്തത്. കൗൺസിലറുടെ പരാതിയിൽ മട്ടാഞ്ചേരി അഗ്നിരക്ഷ നിലയം ഓഫിസർ അന്വേഷണം നടത്തി ടാങ്ക് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും ഉപയോഗ ശൂന്യമാണെന്നും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഡയറക്ടർ ജനറൽ ഇത് നീക്കാൻ ഉത്തരവിട്ടത്.
എന്നാൽ, ടാങ്ക് നിലനിന്നതിനാൽ റോഡ് ഇടുങ്ങുന്ന സാഹചര്യമോ വഴി തടസ്സമോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാരും ചരിത്രസ്നേഹികളും പറയുന്നു. ഇനി പട്ടാളത്തും ദ്രോണാചാര്യ പരിശീലന കേന്ദ്രത്തിന് സമീപവുമായി രണ്ട് ബ്രിട്ടീഷ് നിർമിത ജലസംഭരണികളാണ് അവശേഷിക്കുന്നത്.
പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധത്തിൽ നിലനിന്നിരുന്ന ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ ഇല്ലാതാക്കിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.