കെട്ടിട ഉടമകളേ, ആ മകളുടെ രക്തത്തിൽ നിങ്ങൾക്കും പങ്കുണ്ട്
text_fieldsആലുവ: ആലുവയിൽ അഞ്ച് വയസ്സുകാരിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച കുറ്റകൃത്യത്തിൽ കെട്ടിട ഉടമകളും ‘പ്രതി’. രേഖകളില്ലാത്ത അന്തർസംസ്ഥാനക്കാർക്ക് വാടക മാത്രം ലക്ഷ്യംവെച്ച് താമസ സൗകര്യം നൽകുന്നതാണ് ക്രിമിനലുകൾക്ക് താവളമൊരുക്കാൻ സഹായിക്കുന്നത്. മാന്യമായി താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്കുപോലും ഭീഷണിയാകുകയാണ് ഇത്തരക്കാർ. ചെറിയ കുടുസു മുറിക്കുള്ളിൽ നിരവധി പേർക്ക് തിങ്ങിപ്പാർക്കാൻ ഇടം നൽകുകയാണ് കെട്ടിടം ഉടമകൾ. മുൻപരിചയമൊന്നുമില്ലെങ്കിലും വാടക മാത്രം ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ മുറികൾ അനുവദിക്കുന്നത്. താമസക്കാരുടെ രേഖകൾ വാങ്ങണമെന്ന പൊലീസ് നിർദേശം കാറ്റിൽപറത്തിയാണ് കെട്ടിട ഉടമകളുടെ പ്രവർത്തനം.
തൊഴിലാളിയെന്ന വ്യാജേന മയക്കുമരുന്ന് ഇടപാടുകാരും മോഷ്ടാക്കളുമടക്കമുള്ളവർ ഇവിടെ അനധികൃതമായി തങ്ങുന്നുണ്ട്. കെട്ടിട ഉടമകളുടെ പണത്തോടുള്ള അത്യാർത്തിയാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള കുറ്റവാളികളെ പലതവണ പിടികൂടിയിട്ടുണ്ടെങ്കിലും അനധികൃതമായി വാടകക്കാരെ താമസിപ്പിക്കുന്നതിൽനിന്ന് കെട്ടിട ഉടമകൾ പിന്മാറിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനെതിരെ കണ്ണടക്കലും തുടർന്നുപോന്നു. ഇതിന്റെയെല്ലാം ദുരന്തഫലമാണ് പിഞ്ചുബാലികയുടെ കൊലപാതകത്തിൽ കലാശിച്ചത്.
ആലുവ മേഖലയിൽ നിയമങ്ങളും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ അന്തർസംസ്ഥാനക്കാരെ പാർപ്പിച്ച് ലക്ഷങ്ങൾ കൊയ്യുന്ന നിരവധി കെട്ടിട ഉടമകളുള്ളതായാണ് കണക്കാക്കുന്നത്. 100 ചതുരശ്ര അടിയുള്ള മുറികളിൽപോലും നാലും അഞ്ചും പേരെ വരെ താമസിപ്പിക്കുന്ന സ്ഥലങ്ങളുണ്ട്. ഒരാളിൽനിന്ന് 1200 മുതൽ 2000 രൂപ വരെ പ്രതിമാസം ഈടാക്കുന്നു. ഇത്തരത്തിൽ ചെറിയൊരു ഷെഡിൽനിന്നുപോലും വൻ വരുമാനമാണ് ഉടമകൾ കൊയ്യുന്നത്. മൂന്ന് മുറികളുള്ള ശരാശരി 1000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽനിന്ന് പ്രതിമാസം ലഭിക്കുന്നത് ചുരുങ്ങിയത് കാൽലക്ഷത്തിലേറെ രൂപയാണ്. ഇതിന്റെ അഞ്ചിലൊന്നുപോലും മലയാളി കുടുംബങ്ങളിൽനിന്ന് ലഭിക്കില്ല. തിരിച്ചറിയൽ രേഖകൾപോലും വാങ്ങാതെ ഒരുമാസത്തെ വാടക മാത്രം മുൻകൂറായി വാങ്ങുകയാണ് പതിവ്.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് പിഞ്ചുബാലികയുടെ കൊലപാതകി താമസിച്ചിരുന്നത്. തായിക്കാട്ടുകരയിലെ മുക്കത്ത് പ്ലാസയെന്ന ഈ കെട്ടിടത്തിൽ ഒരാൾക്ക് 1200 രൂപയാണ് ഈടാക്കുന്നതെന്നറിയുന്നു. ഇരുനൂറോളം അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന റെയിൽവേ ഗേറ്റിന് സമീപത്തെ ഈ കെട്ടിടത്തിനെതിരെ നിരവധി പരാതിയുണ്ട്. ഇതേ കെട്ടിടത്തിന്റെ ഉടമയുടെ സമീപത്തെ പഴയ വീട്ടിലാണ് മരിച്ച കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. പ്രതി താമസിച്ചിരുന്ന മൂന്നുനില കെട്ടിടത്തിൽ വൃത്തിയും വെടിപ്പും തീരെയില്ല.
സമീപത്തെ വീടുകളിലെ മൊബൈൽ മോഷണം പോയപ്പോഴും പരാതിപ്പെട്ടിട്ടുണ്ടെന്ന് കുടുംബശ്രീ പ്രവർത്തക പറഞ്ഞു. വീടിനകത്ത് സൗകര്യം ഇല്ലാത്തതിനാൽ റെയിൽവേ ട്രാക്കിനോട് ചേർന്ന കെട്ടിടത്തിന് മുന്നിലും റെയിൽവേ ഗേറ്റിനോട് ചേർന്നുമാണ് കുട്ടികൾ കളിക്കുന്നത്. അതിനാൽ കുട്ടിയെ നഷ്ടപ്പെട്ട വിവരം രണ്ടുമണിക്കൂർ കഴിഞ്ഞാണ് അറിഞ്ഞത്.
അന്തർസംസ്ഥാന തൊഴിലാളികളുടെ മുക്കത്ത് പ്ലാസ അടക്കമുള്ള താമസ കേന്ദ്രങ്ങളിൽ മയക്കുമരുന്നും അനാശാസ്യവും വ്യാപകമാണ്. ഇത്തരം പ്രശ്നങ്ങൾക്കെതിരെ പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സമീപവാസികൾ പറയുന്നു. രേഖകളില്ലാതെ അന്തർസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിൽ പഞ്ചായത്തിനും പൊലീസിനും പരാതി നൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.