എം.സി.സിക്കുള്ള ബജറ്റ് വിഹിതം വെട്ടി; മലബാറിലെ രോഗികൾക്ക് ഇരുട്ടടി
text_fieldsതിരുവനന്തപുരം: അർബുദരോഗ പ്രതിരോധത്തിനും ചികിത്സക്കുമായി ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ സ്ക്രീനിങ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകവെ വടക്കന്‍ കേരളത്തിലെ കാന്‍സര്‍ ചികിത്സ കേന്ദ്രമായ മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള (എം.സി.സി) ധനസഹായം വെട്ടി. രോഗനിര്‍ണയ പദ്ധതി വഴി 16,644 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍പരിശോധനകള്‍ക്കായി റഫര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് എം.സി.സിക്ക് ബജറ്റില്‍ വകയിരുത്തിയ തുകയില്‍ പകുതി വെട്ടിക്കുറച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
വടക്കന്‍ ജില്ലകളിലെ അർബുദ രോഗികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മലബാര്‍ കാന്‍സര്‍ സെന്ററാണ് ഏക ആശ്രയം. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതമായി 28 കോടിയാണ് എം.സി.സിക്ക് അനുവദിച്ചത്. ഇതുതന്നെ വളരെ പരിമിതമാണെന്ന വാദം ഉയർന്നിരുന്നു. പിന്നാലെ ഇത് 14 കോടി രൂപയായി വെട്ടിക്കുറച്ച് കഴിഞ്ഞ 20ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
ഇപ്പോൾ ആരംഭിച്ച കാന്‍സര്‍ നിര്‍ണയ പദ്ധതിയില്‍ മൂന്നുലക്ഷത്തോളം പേരെ ഇതുവരെ സ്ക്രീനിങ്ങിന് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കാന്‍സര്‍ രോഗ ചികിത്സക്ക് സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്ററും (ആർ.സി.സി) തലശേരിയിലെ എം.സി.സിയും മാത്രമാണുള്ളത്. രണ്ടിടത്തും രോഗികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ജില്ല ആശുപത്രികളിലും കാന്‍സര്‍ ചികിത്സ യൂനിറ്റുകളുണ്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ല. ഇവരെ ആർ.സി.സിയിലേക്കും എം.സി.സിയിലേക്കുമാണ് റഫർ ചെയ്യുന്നത്.
ഇപ്പോഴത്തെ സ്ക്രീനിങ് പരിശോധന സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് നടപ്പാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഇവിടങ്ങളിലെ ചികിത്സനിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അത്യാധുനിക ചികിത്സ സംവിധാനങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കാതെ കാന്‍സര്‍ സ്ക്രീനിങ് നടപടിയുമായി മുന്നോട്ടുപോകുന്നത് രോഗികളെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന പരാതി വ്യാപകമാണ്.
ഇതിന് പിന്നാലെയാണ് സർക്കാർ മേഖലക്കുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.