ബജറ്റിലുള്ളത് രാഷ്ട്രീയ വിമർശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ വിമർശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമാണ് ബജറ്റിലുള്ളതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സഭക്കുള്ളിലും സഭക്ക് പുറത്തും പ്രതിപക്ഷത്തെ വിമർശിക്കാൻ നിരവധി അവസരങ്ങളുണ്ട്. രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി പ്രതിപക്ഷത്തെ വിമർശിച്ച് ബജറ്റിന്‍റെ മുഴുവൻ പവിത്രതയും സർക്കാർ ഇല്ലാതാക്കിയെന്നും സതീശൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തിൽ രാഷ്ട്രീയ വിമർശനത്തിനായി ബജറ്റ് ഡോക്യുമെന്‍റിനെ സർക്കാർ മാറ്റി. യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്‍റെ വിശ്വാസ്യത ധനമന്ത്രി തകർത്തുവെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
പദ്ധതി ചെലവിന്‍റെ 55.24 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാർ ചെലവാക്കിയത്. ഈ സാമ്പത്തിക ഒന്നരമാസം ബാക്കി നിൽക്കെയാണിത്. ലൈഫ് മിഷൻ പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ 717 കോടി പ്രഖ്യാപിച്ചെങ്കിലും 2.76 ശതമാനം മാത്രമാണ് കൊടുത്തത്.
യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് ബജറ്റിൽ കൂടുതൽ പരാമർശിച്ചിട്ടുള്ളത്. വിഴിഞ്ഞം പദ്ധതി 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് പറഞ്ഞ അന്നത്തെ പാർട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതി കൂടാതെ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നീ പദ്ധതികളെ കുറിച്ച് സർക്കാർ അഭിമാനം കൊള്ളുന്നു.
നെല്ല്, റബർ, നാളികേരം, അടക്കം അടക്കം ഏറ്റവും പ്രതിസന്ധി നേരിടന്ന കാർഷിക മേഖലയെ ബജറ്റ് നിരാശപ്പെടുത്തി. 10 രൂപ റബർ താങ്ങുവില കൂട്ടിക്കൊണ്ട് റബർ കർഷകരെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് സർക്കാർ ചെയ്തത്.
അധികാരത്തിലേറിയാൽ റബറിന്‍റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉള്ളത്. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 10 രൂപ മാത്രമാണ് വർധിപ്പിച്ചത്. നിലവിലെ താങ്ങുവിലയായ 170 രൂപ തന്നെ കുടിശികയാണ്. കഴിഞ്ഞ വർഷം എട്ടര ലക്ഷം പേർ താങ്ങുവില ലഭിക്കാൻ അപേക്ഷ കൊടുത്തപ്പോൾ ഈ വർഷം 32,000 പേർക്ക് മാത്രമാണ് നൽകിയത്.
ആശ്വാസ കിരണം, സ്നേഹസ്പർശം, സ്നേഹ സ്വാന്തനം തുടങ്ങിയ ആരോഗ്യ മേഖലയിലെ സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് കഴിഞ്ഞ തവണ അനുവദിച്ചത് 119 കോടിയാണ് പ്രഖ്യാപിച്ചത്. എന്നാൽ, ചെലവഴിച്ചത് വെറും 60 കോടി മാത്രമാണ്.
കാരുണ്യ പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചപ്പോൾ മന്ത്രിമാർ അടക്കം ഭരണപക്ഷം കൈയടിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കുടിശിക 1128 കോടി രൂപയാണെന്ന് ഒരാഴ്ച മുമ്പ് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചത്. കാരുണ്യ ബെലവനന്‍റ് പദ്ധതി കുടിശിക 189 കോടിയാണ്. അതിനാൽ, സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ കാരുണ്യ കാർഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം കൃഷിക്ക് അനുവദിച്ച തുകയുടെ 38 ശതമാനമാണ് ചെലവഴിച്ചത്. ഗ്രാമവികസനം-54 ശതമാനം, സഹകരണം-8.84 ശതമാനം, ജലസേചനം-35 ശതമാനം, വ്യവസായം-33 ശതമാനം, സയന്‍റിഫിക് സർവീസ് -29 ശതമാനം, സാമൂഹ്യ സേവനം -54 ശതമാനം എന്നിങ്ങനെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറവ് തുകയാണ് സർക്കാർ ചെലവഴിച്ചിട്ടുള്ളത്. പരിതാപകരമായ ധനസ്ഥിതിയെ മറച്ചുവെക്കാനാണ് സ്ഥിരമായി പറയുന്ന കമ്യൂണിസ്റ്റ് പദപ്രയോഗങ്ങൾ കൊണ്ട് ധനമന്ത്രി ശ്രമിച്ചത്.
വയനാട് പാക്കേജിന് 7600 കോടിയും ഇടുക്കി പാക്കേജിന് 12,150 കോടിയും തീരദേശ പാക്കേജിന് 12,000 കോടിയും അനുവദിച്ചിരുന്നു. ഈ പാക്കേജുകളിൽ ഒരു ശതമാനം പോകും ചെലവഴിച്ചില്ല. വീണ്ടും ഇത്തവണത്തെ ബജറ്റിൽ പുതിയ പാക്കേജുകൾ പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനം മാത്രമാണിതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.