അങ്കമാലിയില്‍ 'ജല്ലിക്കെട്ട്' ; കശാപ്പിന് കൊണ്ടുവന്ന പോത്തുകള്‍ വിരണ്ടോടി
text_fieldsഅങ്കമാലി: മാര്‍ക്കറ്റില്‍ കശാപ്പിന് കൊണ്ടുവന്ന പോത്തുകള്‍ പട്ടണത്തിലൂടെ വിരണ്ടോടി മണിക്കൂറോളം ഭീതി പരത്തി. ആളപായമോ പരിക്കോ ഇല്ല. എരുമകളെ കൊണ്ടുവന്ന് അറവുശാലയിലെ ജീവനക്കാരും നാട്ടുകാരും സാഹസികമായി ഇടപെട്ടാണ് പോത്തുകളെ കീഴ്പ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മിനിലോറിയില്‍ മാര്‍ക്കറ്റിലെത്തിച്ച പോത്തുകളെ താഴെ ഇറക്കുന്നതിനിടെയാണ് രണ്ട് പോത്തുകള്‍ വിരണ്ടോടിയത്.
മാര്‍ക്കറ്റില്‍ നിന്നോടിയ പോത്തുകള്‍ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ ദേശീയപാതയിലേക്ക് കുതിച്ചു. പോത്തിന് പിറകെ അപായ സൂചന നല്കി അറവുശാലയിലെ ജീവനക്കാരും നാട്ടുകാരും പിന്തുടര്ന്നു. പിടികൂടാൻ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ദേശീയപാത കുറുകെ കടന്ന് കെ.എസ്.ആര്.ടി.സി പരിസരത്ത് കൂടി ടി.ബി. റോഡിലേക്ക് പാഞ്ഞു. കയറും കൊളുത്തും അനുബന്ധ സംവിധാനങ്ങളുമായി ആളുകളും പിറകെ ഒാടി. പോത്തിനെ കണ്ട് ഏതാനും ഇരുചക്രവാഹന യാത്രികര്‍ നിയന്ത്രണം വിട്ട് റോഡില്‍ വീണു. ഏതാനും സ്ത്രീകളും ഭയന്നോടി. കാല്‍നടയാത്രക്കാർ ഭയന്ന് കച്ചവട സ്ഥാപനങ്ങളിൽ അഭയം തേടി. അതിനിടെ ഒരു പോത്ത് ഗേറ്റ് തുറന്ന് കിടന്ന പി.ഡബ്ല്യു െഗസ്റ്റ് ഹൗസിലേക്ക് കടന്നു. മറ്റൊന്ന് പവിഴപ്പൊങ്ങ് പാടത്തേക്കും ഓടി.
ഇതിനെ കയര്‍ കൊണ്ട് ബന്ധിച്ചിരുന്നതിനാല്‍ പാടത്ത് നിയന്ത്രിക്കാന്‍ സാധിച്ചു. പി.ഡബ്ല്യു.ഡി ഓഫിസിലെ ജീവനക്കാര്‍ പോത്തിനെ കണ്ട് ഭയന്ന് രണ്ടാം നിലയില്‍ കയറി രക്ഷപ്പെട്ടു. അപ്പോഴേക്കും റോഡില്‍ തടിച്ച് കൂടിയ ജനം ഓഫിസിെൻറ ഗേറ്റ് അടച്ചിട്ടു. അതോടെ പോത്തിന് പുറത്ത് കടക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. മാര്‍ക്കറ്റില്‍നിന്ന് തൊഴിലാളികള്‍ എരുമകളെ കൊണ്ടുവന്ന് പോത്തുകളെ അനുനയിപ്പിക്കുകയായിരുന്നു. മൂക്കുകയറിട്ട് കൂടുതല്‍ ബന്ധിപ്പിച്ച ശേഷമാണ് വാഹനത്തില്‍ കയറ്റി മാര്‍ക്കറ്റിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.