ലക്ഷങ്ങൾ മുടക്കി കെട്ടിടം നിർമിച്ചു; ചതുരംഗപ്പാറ വില്ലേജ് ഓഫിസ് വനത്തിൽ തന്നെ
text_fieldsനെടുങ്കണ്ടം: ഉടുമ്പൻചോലയിൽ ലക്ഷങ്ങൾ മുടക്കി ആധുനിക കെട്ടിടം നിർമിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ചതുരംഗപ്പാറ വില്ലേജ് ഓഫിസ് കാടിന് നടുവിൽതന്നെ. ഏറെ പ്രക്ഷോഭങ്ങൾക്കും നീണ്ട കാത്തിരിപ്പിനും ശേഷമാണ് കാടിന് നടുവിലെ വില്ലേജ് ഓഫിസ് മാറ്റാൻ ലക്ഷങ്ങൾ മുടക്കി സ്മാർട്ട് വില്ലേജ് ഓഫിസ് പണികഴിപ്പിച്ചത്. അട്ട, തോട്ടപ്പുഴു, പാമ്പ്, പഴുതാര, നരിച്ചീറ്, കാട്ടുപന്നി തുടങ്ങി കാട്ടാനവരെ എത്തുന്ന പ്രദേശത്താണ് നിലവിൽ വില്ലേജ് ഓഫിസിന്റെ പ്രവർത്തനം.
പരിഹാരമായാണ് ജനവാസ മേഖലയായ ഉടുമ്പൻചോലയിൽ പുതിയ കെട്ടിടം നിർമിച്ചത്. മഴക്കാലമായാൽ ഓഫിസിൽ പലപ്പോഴും വൈദ്യുതിയും ഇന്റർനെറ്റും ഉണ്ടാവില്ല. ആഴ്ചകൾക്ക് മുമ്പ് വൈദ്യുതിയും ഇന്റർനെറ്റും നിലച്ചതിനാൽ ഒരാഴ്ചയിലധികം സർട്ടിഫിക്കറ്റുകളൊന്നും വിതരണം ചെയ്യാൻ കഴിഞ്ഞില്ല. മൊബൈൽ റേഞ്ച് കുറവായതിനാൽ ജീവനക്കാർക്ക് വൈഫൈ ഉപയോഗിച്ച് അത്യാവശ്യ കാര്യങ്ങൾ ചെയ്ത് തീർക്കാനും കഴിയുന്നില്ല. ജൂലൈ ഒന്ന് മുതൽ എല്ലാ വില്ലേജ് ഓഫിസുകളും പേപ്പർരഹിത ഇ-ഓഫിസുകളാക്കി സർക്കാർ ഉത്തരവിറക്കി.
പക്ഷേ, ചതുരംഗപ്പാറയിൽ വൈദ്യുതി, നെറ്റ് തകരാർ മൂലം പഴയ സ്ഥിതി തുടരുകയാണ്. ചതുരംഗപ്പാറയിൽ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ സൗകര്യംപോലുമില്ല. ഓഫിസിലെത്തുന്നവർക്ക് ഈ ആവശ്യത്തിനും ഉടുമ്പൻചോല വരെ പോകണം. വിവിധ ആവശ്യങ്ങൾക്കായി നാട്ടുകാർ ഉടുമ്പഞ്ചോലയിലെത്തി ഓട്ടോ വിളിച്ചുവേണം ചതുരംഗപാറയിൽ എത്താൻ. തമിഴ്നാട് അതിർത്തിയായ മാൻകുത്തിമേട് മുതൽ സേനാപതി പഞ്ചായത്തിലെ വട്ടപ്പാറവരെ വിസ്തൃതമായ പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ്.
തോട്ടം മേഖലയായ ഇവിടെ ജനസാന്ദ്രത കുറവാണ്. 1956ലാണ് ചതുരംഗപ്പാറയിൽ വില്ലേജ് ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. 1984ൽ നിലവിലെ കെട്ടിടം പണികഴിപ്പിച്ചു.കാട്ടാനകളും മറ്റും ജനവാസ മേഖലയിലെത്തുമ്പോൾ അപകടസൂചന മുന്നറിയിപ്പ് നൽകാൻ സ്ഥാപിച്ച കോളാമ്പി ഭൂതകാലത്തിന്റെ അടയാളമായി ഇപ്പോഴും ഇവിടെയുണ്ട്. ഉടുമ്പൻചോല, ചതുരംഗപ്പാറ വില്ലേജുകൾക്കായി ഒരു കോമ്പൗണ്ടിലാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തീകരിച്ച് വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.