ബുൾഡോസർ മെഷീനല്ല; ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകം -വൃന്ദ കാരാട്ട്
text_fieldsപത്തനംതിട്ട: ബുൾഡോസർ ഒരു മെഷീനല്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകമാണെന്നും സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പത്തനംതിട്ടയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന അടയാളമായി ബുൾഡോസറിനെ ബി.ജെ.പി മാറ്റി. ആരും സുരക്ഷിതരെന്ന ധാരണ ഇനി ഉണ്ടാവേണ്ടതില്ല. മോദി സര്‍ക്കാര്‍ എല്‍.ഐ.സിയും റെയില്‍വേയും അടക്കമുള്ള പൊതുസ്വത്തുക്കള്‍ സ്വകാര്യമേഖലക്ക് തീറെഴുതുമ്പോള്‍, സില്‍വര്‍ ലൈന്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കി കേരളം ബദല്‍ മാതൃക കാട്ടുകയാണ്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് മേക്ക്ഇന്‍ ഇന്ത്യ അല്ല മറിച്ച് സെല്ലിങ് ഇന്ത്യയാണ്. മുസ്ലിംകൾക്കുനേരെയുള്ള അതിക്രമങ്ങൾ നാളെ ക്രിസ്ത്യൻ സമൂഹത്തിനുനേരെയും ഉണ്ടാകും.
ബി.ജെ.പിയുടെ ചില നേതാക്കൾ കേരളത്തിൽ എത്തി ക്രിസ്ത്യൻ മത പുരോഹിതന്മാരുമായി ചർച്ച നടത്തുമ്പോൾ അവർ ഉത്തരേന്ത്യയിൽ അവർക്കെതിരെ നടത്തുന്ന അതിക്രമങ്ങൾകൂടി ഓർക്കണം. ഇപ്പോൾ സ്വാതന്ത്ര്യത്തെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമൊക്കെ ബി.ജെ.പി നമ്മെ പഠിപ്പിക്കുകയാണ്. ജനങ്ങളുടെ ചൂഷണത്തിന് എതിരായി ശക്തമായി പ്രതിരോധിക്കുമ്പോഴാണ് രാജ്യസ്നേഹം ഉയർന്നുവരുന്നത്. അംബാനിയുടെയും അദാനിമാരുടെയും ചൂഷണത്തിലാണ് ഭാരതമെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.
സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സനോജ്, ട്രഷറർ അരുൺ ബാബു, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ.എ. റഹീം, എസ്. സതീഷ്, പ്രീതി ശേഖർ, എസ്.കെ. സതീഷ്, ജെയ്ക് സി. തോമസ്, ചിന്ത ജെറോം, രാജു എബ്രഹാം, ഗ്രീഷ്മ അജയഘോഷ്, കെ.യു. ജനീഷ് കുമാർ എം.എൽ.എ, പി. ഉദയഭാനു എന്നിവർ സംസാരിച്ചു.
പി.ബി. സതീഷ് കുമാർ സ്വാഗതം പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പ്രസംഗം പരിഭാഷപ്പെടുത്തി. പൊതുസമ്മേളനത്തിന് മുന്നോടിയായി വൻറാലിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.