‘കത്തുന്ന സൂര്യൻ’ വ്യക്തിപൂജയല്ല; ആവർത്തിച്ച് എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ചുള്ള ‘കത്തുന്ന സൂര്യൻ’ വിശേഷണത്തിൽ വ്യക്തിപൂജയില്ലെന്നും എം.ടി പറഞ്ഞതിൽ എന്തെങ്കിലും തിരുത്തേണ്ടതുണ്ടെങ്കിൽ അതു പരിശോധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര അന്വേഷണ ഏജൻസികളൊന്നും മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തുന്നില്ലല്ലോ എന്ന ചോദ്യത്തിനാണ് ‘മുഖ്യമന്ത്രി സൂര്യനെപോലെയാണെന്നും അടുത്തെത്താൻ പറ്റില്ലെന്നും’ താൻ പറഞ്ഞത്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്നാൽ, താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വിശദീകരിച്ച് നിഷ്കളങ്കരായ ഒരുപാട് സാഹിത്യകാരന്മാരിൽ തെറ്റിദ്ധാരണയുണ്ടാക്കി. ആരുടെ വിമർശനത്തെയും കാത് കൂർപ്പിച്ച് കേൾക്കാനും ആവശ്യമെങ്കിൽ തിരുത്താനും പാർട്ടി സന്നദ്ധമാണ്. ഞങ്ങൾ വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല. മുഴുവൻ വിമർശനങ്ങളെയും ക്രിയാത്മകമായി പരിശോധിക്കും.
എം.ടിയുടെ വിമർശനം 2003ൽ എഴുതിയതാണ്. അന്ന് എ.കെ ആന്റണിയാണ് മുഖ്യമന്ത്രി. ഇനിയും ഇത്തരം വിമർശനങ്ങൾ തുടർന്നേക്കാം. കാരണം ലോകത്തിന്റെ പൊതുചിത്രമാണ് അദ്ദേഹം അവതരിപ്പിച്ചതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 2003ൽ ആന്റണിയെക്കുറിച്ച് എഴുതിയ കാര്യം ഇപ്പോൾ എന്തിന് എം.ടി വായിക്കണമെന്ന ചോദ്യമുയർന്നപ്പോൾ ‘അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു’ പ്രതികരണം. എം.ടി തിരുത്തണമെന്ന് കരുതുന്നുണ്ടോ എന്ന് ചോദ്യത്തോട് പരിശോധിക്കേണ്ടതുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആവർത്തിച്ചു. കേന്ദ്രത്തിനെതിരെയുള്ള ഡൽഹി സമരത്തിന്റെ തീയതി 16ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ തീരുമാനിക്കും. . കേന്ദ്രനിലപാടുകൾക്കെതിരെ യോജിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തിയാകും സമരമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാമർശത്തിൽ യൂത്ത് കോൺഗ്രസിന്റെ വക്കീൽ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. മാപ്പു പറയൽ ആരും അംഗീകരിക്കുന്ന നിലപാടല്ല. ഡിസ്ചാർജ് സമ്മറിയിൽ ആശുപത്രിയുടെ പേരോ സീലോ ഉണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.