മന്ത്രിസഭയും കണ്ണടച്ചു
text_fieldsതിരുവനന്തപുരം: ധനവകുപ്പിന്റെ വിയോജിപ്പിനും കരാറിലെ അസ്വാഭാവികതകൾക്കും ഇടയിൽ എ.ഐ കാമറകളുടെ കാര്യത്തിലെ കെൽട്രോൺ കരാറിൽ മന്ത്രിസഭ യോഗവും കണ്ണടച്ചെന്ന് അടിവരയിട്ട് കാബിനറ്റ് കുറിപ്പ്.
മൂന്ന് കാര്യങ്ങളിൽ തീരുമാനമെടുക്കാമോ എന്നാരാഞ്ഞാണ് ഫയൽ മന്ത്രിസഭയുടെ പരിഗണനക്കെത്തിയത്. കരാറിലേർപ്പെട്ട കെൽട്രോണിന് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി തുടരാൻ അനുവദിക്കാമോ എന്നതും മൂന്നാമതൊരു ഏജൻസിക്ക് കെൽട്രോൺ കൊടുത്ത കരാർ അനുവദിക്കാമോ എന്നതുമായിരുന്നു രണ്ടെണ്ണം. കെൽട്രോണിന് ഫെസിലിറ്റി മാനേജ്മെന്റമെന്റ് സർവിസിനുള്ള അംഗീകാരം നൽകാമോ എന്നത് മൂന്നാമത്തേതും. എന്നാൽ, ആദ്യ രണ്ട് ചോദ്യങ്ങൾക്കും അനുമതി നൽകിയ മന്ത്രിസഭ യോഗം മൂന്നാമത്തേതിൽ മൗനം പാലിച്ചു. ഇതിനകം ഇതിൽ ഉപകരാർ നൽകിയതായിരുന്നു കാരണം. ഇക്കാര്യത്തിൽ സർക്കാർ വിയോജിപ്പോ വിമർശനമോ ഉന്നയിച്ചുമില്ല. പദ്ധതിയുടെ അടുത്ത അഞ്ചുവർഷത്തേക്കുള്ള നടത്തിപ്പ്, ചെലവ്, അറ്റകുറ്റപ്പണികൾ തുടങ്ങി ചലാൻ ഡൗൺലോഡ് ചെയ്യുന്നതുവരെയുള്ള ചെലവുകൾ ഫെസിലിറ്റി മാനേജ്മെന്റ് സർവിസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കെൽട്രോണിനെയാണ് മോട്ടോർ വാഹനവകുപ്പ് പദ്ധതിയുടെ കൺസൾട്ടന്റായി നിയമിച്ചത്. കെൽട്രോൺതന്നെ ടെൻഡർ നടപടികളും നടത്തി. സാങ്കേതിക വൈദഗ്ധ്യത്തിന് 70 ശതമാനവും സാമ്പത്തിക പര്യാപ്തതക്ക് 30 ശതമാനവും വെയിറ്റേജ് കൊടുത്തായിരുന്നു ടെൻഡർ നടപടികൾ. ടെൻഡറിൽ വരുന്ന കമ്പനിയുമായി കരാറിലേർപ്പെടണ്ടേത് കൺസൾട്ടന്റല്ല, മോട്ടോർ വാഹനവകുപ്പാണ്. എന്നാൽ, എ.ഐ കാമറകളുടെ കാര്യത്തിൽ കൺസൾട്ടന്റായ കെൽട്രോൺതന്നെ കരാറിലേർപ്പെടുകയായിരുന്നു. ഇതിനെല്ലാംശേഷം ഏപ്രിൽ 18ന് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത് ‘പണം മുടക്കിപ്പോയത് കൊണ്ടും ഗതാഗത കമീഷണറുടെ ഉത്തരവ് റദ്ദാക്കാൻ ഇനി സാധിക്കാൻ കഴിയാത്തതുകൊണ്ടും പദ്ധതിക്ക് അനുമതി കൊടുക്കുന്നു’ എന്നാണ്. സർക്കാർ അറിയാതെ ഗതാഗത കമീഷണർക്ക് ഇത്തരത്തിൽ സുപ്രധാനമായ ഉത്തരവുകൾ ഇറക്കാൻ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഫലത്തിൽ തങ്ങൾക്കൊന്നും അറിയില്ലെന്നും കെൽട്രോണാണ് വിശദീകരിക്കേണ്ടതുമെന്ന് ഒഴുക്കൻ നിലപാടെടുത്ത സർക്കാറിനും ഇനി ഒഴിഞ്ഞുമാറാനാകില്ല. പദ്ധതി രാഷ്ട്രീയ വിവാദവും പൊതുമധ്യത്തിൽ സംശയാസ്പദവുമായ സാഹചര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോപണങ്ങൾക്ക് മറയിടാനാണ് സർക്കാർ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.