പട്ടയഭൂമിയിൽ ക്വാറിയും ക്രഷറും; 2015ലെ വിവാദ ഉത്തരവ് മന്ത്രിസഭ റദ്ദാക്കി
text_fieldsതിരുവനന്തപുരം: പട്ടയ ഭൂമികളില്‍ ക്വാറി/ ക്രഷര്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി നല്കാന് റവന്യൂ വകുപ്പിനെ അധികാരം നൽകി 2015 നവംബർ 11ന് പുറപ്പെടുവിച്ച ഉത്തരവ് മന്ത്രിസഭാ യോഗം റദ്ദാക്കി. ഉത്തരവ് കേരള ഭൂപതിവ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് കണ്ടാണ് നടപടി. കൃഷിക്കും താമസത്തിനുമായി പട്ടയം അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. ഇതിനു വിരുദ്ധമായാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ അവസാനകാലത്ത് പട്ടയ ഭൂമിയിൽ ക്വാറി, ക്രഷർ അനുവദിക്കാൻ റവന്യൂ വകുപ്പിന് അധികാരം നൽകി ഉത്തരവിറക്കിയത്.
പശ്ചിമഘട്ട മേഖല ഉൾപ്പെടെ അതിപരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിൽ ക്വാറി മാഫിയക്ക് സാന്നിധ്യമുറപ്പിക്കാൻ വഴിയൊരുക്കുന്നതായിരുന്നു ഉത്തരവ്. യു.ഡി.എഫ് കാലത്ത് മന്ത്രിസഭ സ്വകാര്യമായെടുത്ത തീരുമാനം ‘മാധ്യമം’ വാർത്തയിലൂടെയാണ് അന്ന് പുറത്തുവന്നത്. നിയമവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ ബലത്തിലായിരുന്നു മന്ത്രിസഭ തീരുമാനമെടുത്തതും ഉത്തരവിറക്കിയതും. യു.ഡി.എഫിൽനിന്നുതന്നെ രൂക്ഷവിമർശനം ഉയർന്നതോടെ ഉത്തരവ് നടപ്പാക്കിയിരുന്നില്ല.
പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട ചില ഇളവുകളും നിബന്ധനകളും പിന്നീട് കൊണ്ടുവന്നെങ്കിലും ഇവിടെ പാറപൊട്ടിക്കലും ക്രഷര്‍ യൂനിറ്റുകളും അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാറ പൊട്ടിക്കാനും ക്രഷര്‍ യൂനിറ്റ് തുടങ്ങാനും അനുമതി തേടി സ്വകാര്യ വ്യക്തി അപേക്ഷ നല്‍കിയതോടെയാണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്.
2015ൽ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ റദ്ദാക്കാന്‍ കഴിയുകയുള്ളൂവെന്നും വ്യക്തമായതോടെയാണ് മന്ത്രി കെ. രാജന് ഇതു സംബന്ധിച്ച ഫയല്‍ മന്ത്രിസഭയില്‍ കൊണ്ടുവന്നതും റദ്ദാക്കാൻ തീരുമാനിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.