കാട്ടുപന്നികളെ നശിപ്പിക്കാനുള്ള ഉത്തരവ് ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനം
text_fieldsതിരുവനന്തപുരം: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുളള മാർഗ നിർദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന ഉത്തരവിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭ യോഗം സാധൂകരിച്ചു. സി-ഡിറ്റിലെ 77 സ്ഥിരം ജീവനക്കാര്‍ക്ക് 2019 ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ 11-ാം ശമ്പളപരിഷ്കരണ അടിസ്ഥാനത്തില്‍ വേതനം പരിഷ്കരിക്കും. 2021 ഫെബ്രുവരി നാലിന് സ്ഥിരപ്പെടുത്തിയ 114 ജീവനക്കാര്‍ക്ക് കോടതിയില്‍ നിലവിലുള്ള ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമായി ഈ ആനുകൂല്യം നൽകാനും മന്ത്രിസഭയോഗം തീരുമാനിച്ചു.
കേരളമെഡിക്കല്‍ സർവീസസ് കോര്‍പ്പറേഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നതും വേതന പരിഷ്കരണം ലഭിക്കാത്തതുമായ ഒമ്പത് തസ്തികകളിലെ 77 ജീവനക്കാരുടെവേതനം നിബന്ധനകളോടെ പരിഷ്കരിക്കും. നവകേരള സദസില്‍ പങ്കെടുക്കാനെത്തി കുഴഞ്ഞ് വീണ് മരണപ്പെട്ട ഇടുക്കി ദേവികുളം മണ്ഡലത്തിലെ എ. ഗണേശന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. 2023 ഡിസംബര്‍ പതിനൊന്നിന്നായിരുന്നു മരണം. ആരോഗ്യവകുപ്പില്‍ പട്ടിക വര്‍ഗ വിഭാഗത്തിന് റിസർവ് ചെയ്ത ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഒരു സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കും.
കെ.എസ്. ആൻഡ് എസ്.എസ്.ആര്‍. റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ച് നിഷ ബാലകൃഷ്ണന് തദ്ദേശ വകുപ്പില്‍ എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും. 2018 മാര്‍ച്ച് 31 ന് കാലാവധി അവസാനിച്ച എറണാകുളം ജില്ല എല്‍.ഡി.ക്ലര്‍ക്ക് പി.എസ്.സി.റാങ്ക് ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്ക് നഗരകാര്യഡയറക്ടറേറ്റില്‍ നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്ടപ്പെട്ടു എന്ന അപേക്ഷ പരിഗണിച്ചാണിത്. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സിനിയോറിറ്റിക്ക് അര്‍ഹത.
സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന് സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങുന്നതിന് അനുമതി നല്‍കി. തിരുവനന്തപുരം മണക്കാട് വില്ലേജില്‍ ബി.എസ്.എൻ.എല്ലിന്‍റെ ഉടമസ്ഥതയിലുള്ള 1.83 ഏക്കര്‍ സ്ഥലവും കെട്ടിടവും ബോര്‍ഡിന്‍റെ ആസ്ഥാന മന്ദിരത്തിനായി തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് അനുമതി.
പത്തനംതിട്ട അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡ് നിർമാണത്തിലെ തണ്ണിത്തോട് ചിറ്റാര്‍ റോഡ്, ഉറുമ്പിനി വാലുപാറ റോഡ് പ്രവർത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടര്‍ സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചാണിത്. മരട് ഐ.ടി.ഐ ഓഫീസ് നവീകരണത്തിന് 8,24,000 രൂപ അനുവദിച്ചു. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനാണിത്. കേരള ലാന്‍റ് ഡവലപ്പ്മെന്‍റ് കേര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.എസ് രാജീവിന്‍റെ പുനര്‍നിയമന കാലാവധി 2023 ഡിസംബർ ഒന്ന് മുതൽ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.