മന്ത്രിസഭ കനിഞ്ഞില്ല; സമരം തുടരാൻ ഉദ്യോഗാർഥികൾ
text_fieldsതിരുവനന്തപുരം: മന്ത്രിസഭയോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലം നിരാശ മാത്രം, അനിശ്ചിതകാല നിരാഹാരം ശക്തമായി തുടരാൻ എൽ.ജി.എസ് ഉദ്യോഗാർഥികളുടെ തീരുമാനം. സെക്രേട്ടറിയറ്റിന് മുന്നിൽ സമരം തുടരുന്ന സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവരെയും മന്ത്രിസഭ പരിഗണിച്ചില്ല. തെരുവിൽ കിടന്ന് മരിക്കാനാണ് വിധിയെങ്കിലും സമരം ശക്തമായി തുടരുമെന്നാണ് സി.പി.ഒ ഉദ്യോഗാർഥികളുടെ പ്രതികരണം.
വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തിക തയാറാക്കലടക്കം തിരക്കിട്ട നടപടികൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് ശുഭസൂചനയായി കണ്ട് പ്രതീക്ഷയിലായിരുന്നു എൽ.ജി.എസ് ഉദ്യോഗാർഥികൾ. അതുകൊണ്ടുതന്നെ ആകാംക്ഷയിലായിരുന്നു സമരപ്പന്തൽ. ഉച്ചയോടെതന്നെ മന്ത്രിസഭ തീരുമാനമെത്തിയെങ്കിലും നിരാശ. വൈകീട്ട് ആറ് വരെ കാത്തിരുന്നെങ്കിലും ശുഭസൂചനകളൊന്നും ലഭിച്ചില്ല.
ഇതോടെയാണ് സമരം ശക്തമായി തുടരാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്. ഉദ്യോഗസ്ഥതലത്തിൽ നടന്ന ചർച്ചയുടെ തുടർനടപടികൾ സർക്കാർ വ്യക്തമാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സമാനമായ നിസ്സഹായാവസ്ഥയിലാണ് സി.പി.ഒ ഉദ്യോഗാർഥികളും. ചർച്ചക്കൊടുവിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. ഇതല്ലാതെ ഒരുവിധ ആശയവിനിമയവും നടത്തിയിട്ടില്ല. എൽ.ജി.എസുകാർക്ക് ലഭിച്ച സൂചന പോലും ഇവരുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. സർക്കാർ തങ്ങളോട് പകപോക്കുകയാണെന്ന ആേരാപണവുമായി ഇവർ ബുധനാഴ്ച രംഗത്തെത്തിയിരുന്നു.
സമരം ചെയ്യുന്നവരിൽ ദേശീയ ഗെയിംസിൽ പെങ്കടുത്ത കായികതാരങ്ങൾക്ക് ജോലി നൽകുന്ന കാര്യം മാത്രമാണ് മന്ത്രിസഭയോഗം അനുകൂലമായി പരിഗണിച്ചത്. 43 ദിവസമായി ഇവർ സമരം തുടരുകയാണ്. കായികതാരങ്ങൾ മധുരവിതരണം നടത്തി ആഹ്ലാദം പങ്കിട്ടപ്പോൾ സർക്കാർ അവഗണനയിൽ നിരത്തിലൂടെ ഇഴയുകയായിരുന്നു സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.