ഭൂരേഖകൾ പരിപാലിക്കുന്നതിനും പരിഷ്കരിക്കുന്നതിനും വനം വകുപ്പിന് കർശന നിർദേശം നൽകണമെന്ന് സി.എ.ജി
text_fieldsകോഴിക്കോട് : നിക്ഷിപ്ത വനഭൂമി ഉൾപ്പെടെയുള്ള വകുപ്പിന് കീഴിലുള്ള ഭൂരേഖകൾ പരിപാലിക്കുന്നതിനും പരിഷ്കരിക്കുന്നതിനും വനം, വന്യജീവി വകുപ്പിന് സർക്കാർ കർശന നിർദേശം നൽകണമെന്ന് സി.എ.ജി. തർക്കങ്ങൾ ഒഴിവാക്കുന്നതിനും കൈയേറ്റങ്ങൾ തടയുന്നതിനുമായി ഭൂരേഖകൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സ്വന്തം ഭൂമിയുടെ അതിർത്തി വ്യക്തമായി നിർണയിച്ചു സൂക്ഷിക്കേണ്ടത് വനം- വന്യജീവി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. അതവർ പാലിക്കുന്നില്ല. അതിനാലാണ് നെല്ലിയാമ്പതിയിൽ തർക്കം നിലനിൽക്കുന്നത്. ഏതെങ്കിലും ഒരു വനഭൂമി വാനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന് 1980ലെ വനാമായിത്തിൽ വ്യവസ്ഥയുണ്ട്.
നിയമപ്രകാരം നെന്മാറ-നെല്ലിയാമ്പതി റോഡ് വികസനത്തിനായി നെന്മാറ ഫോറസ്‌റ്റ് ഡിവിഷനിലെ 4.05 ഹെക്ടർ വനഭൂമി തരം മാറ്റുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ പരിസ്‌ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. വനേതര ഭൂമിയും നഷ്ടപരിഹാര വനവൽക്കരണം നടത്തുന്നതിനുള്ള തുകയും കൈമാറ്റം ചെയ്യണം എന്ന ഒരു വ്യവസ്‌ഥയോടെയാണ് ഭൂമി തരംമാറ്റാൻ കേന്ദ്ര സർക്കാർ 2006 ഒക്ടോബറിൽ അനുമതി നൽകി.
കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് 4.07 ഹെക്ടർ വരുന്ന സ്വകാര്യ ഭൂമി കണ്ടെത്തുകയും അത് നഷ്ടപരിഹാര വനവൽക്കരണത്തിന് അനുയോജ്യമാണെന്ന് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ അറിയിക്കുകയും ചെയ്തു. അത് വാങ്ങി വനം വകുപ്പിന് 2005 ഡിസംബറിൽ കൈമാറി. എന്നാൽ, ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന് 2013 ഡിസംബറിൽ വനം വകുപ്പ് തിരിച്ചറിഞ്ഞു. പകരം ഭൂമിക്ക് തടസരഹിതമായ ഭൂമി ഇതുവരെ കൈമാറിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാര വനവൽക്കരണം അടപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് അധിക്യതർ ഭൂമി കൈമാറിയ സമയത്ത് ഭൂമി നിക്ഷിപ്‌ത വനമാണെന്ന് തിരിച്ചറിയാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർക്ക് കഴിഞ്ഞില്ല. വനഭൂമി തിരിച്ചറിയുന്നതിൽ വനം വകുപ്പിനുണ്ടായ കാലതാമസവും നഷ്ടപരിഹാര വനവൽക്കരണത്തിനായി തടസരഹിത ഭൂമി പൊതുമരാമത്ത് വകുപ്പ് കൈമാറാതിരുന്നതും റോഡ് അടിസ്‌ഥാന സൗകര്യ വികസന പദ്ധതി തടസപ്പെടുത്തുന്നതിനും അടിസ്‌ഥാന സൗകര്യം പൊതുജനത്തിന് നിഷേധിക്കുന്നതിനും ഇടയാക്കി.
വനം വകുപ്പിൽ നെറ്റ് പ്രസൻറ് വാല്യുവായും നഷ്ടപരിഹാര വനവൽക്കരണത്തിനായും 42.48 ലക്ഷം രൂപ നിക്ഷേപിച്ചെങ്കിലും പതിനാറു വർഷം കഴിഞ്ഞിട്ടും കൈമാറ്റം ചെയ്‌ത ഭൂമിയിൽ നഷ്ടപരിഹാര വനവൽക്കരണം നടന്നിട്ടില്ല. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് കീഴിൽ 2018-ലെ വെള്ളപ്പൊക്കത്തിൽ തകർന്ന നെന്മാറ-നെല്ലിയാമ്പതി സംസ്ഥാന ഉൾപ്പെടെയുള്ള പാത റോഡുകൾ പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. 105.48 കോടി രൂപയുടെ ഭരണാനുമതി 2020 ൽ നൽകി. റോഡ് നിർമാണത്തിനായി പൊതുമരാമത്ത് കൈമാറിയ ഭൂമി വനഭൂമിയിൽ നിന്ന് ഡി-നോട്ടിഫൈ ചെയ്തിട്ടില്ലെന്നും അവിടെ നിർമാണ/അറ്റകുറ്റപ്പണി പ്രവർത്തികൾക്ക് വനം, വകുപ്പിൻറെ മുൻകൂർ അനുമതി ആവശ്യമാണെന്നും നേന്മാറ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ പൊതുമരാമത്ത് വകുപ്പ് അധികാരികളോട് വ്യക്തമാക്കി.
സംസ്ഥാന പാത നെല്ലിയാമ്പതി റിസർവ് ഫോറസ്‌റ്റ് ഏരിയയിലൂടെ കടന്നുപോകുന്നതിനാൽ, വനം വകുപ്പിൽ നിന്ന് അനുവാദം നേടണമെന്ന് റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് ധനസഹായം നൽകുന്ന ജർമ്മൻ ബാങ്ക് ആവശ്യപ്പെട്ടു. ടെൻഡർ ചെയ്യുന്നതിന് ആവശ്യമായ നോ ഒബ്ജെക്ഷൻ' ബാങ്ക് പുറപ്പെടുവിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിൽ തകർന്ന റോഡിന്റെ പുനർനിർമാണത്തിനു ഭരണാനുമതി നേടിയെങ്കിലും പുനർനിർമാണം നടത്താൻ കഴിഞ്ഞില്ല. അതുവഴി പൊതുജനങ്ങൾക്കുള്ള സൗകര്യം നിഷേധിക്കുകയും ചെയ്‌തു.
അഡീഷണൽ ചീഫ് സെക്രട്ടറിയും, റീബിൽഡ് കേരള ഇനിഷ്യേറ്റീവി ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, വനം വകുപ്പിനു നഷ്ടപരിഹാര വനവൽക്കരണത്തിനായി ഒരു ബദൽ ഭൂമി കണ്ടെത്താൻ പാലക്കാട് ജില്ലാ കലക്ടറേ ചുമതലപ്പെടുത്തിയതായി (2021 ജനുവരി) വനം, വന്യജീവി വകുപ്പ് മറുപടി നൽകി (2023 ജനുവരി). നഷ്ടപരിഹാര ഭൂമി വനം, വന്യജീവി വകുപ്പിനു കൈമാറുന്നതിനുള്ള നടപടികൾ ഇതുവരെ (2023 ഫെബ്രുവരി) പൂർത്തിയായിട്ടില്ല.
നഷ്ടപരിഹാര വനവൽക്കരണത്തിനായി ബദൽ ഭൂമി ലഭ്യമാക്കുന്നതിനും അതുവഴി റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ലക്ഷ്യമനുസരിച്ച് റോഡ് പുനർ നിർമിക്കുന്നതിനും വകുപ്പ് പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ശിപാർശ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.