ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ ഖനനം നടത്താൻ റവന്യൂ വകുപ്പ് ഒത്താശ ചെയ്തെന്ന് സി.എ.ജി
text_fieldsതിരുവനന്തപുരം: ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ ഖനനം നടത്താൻ റവന്യൂ വകുപ്പ് ഒത്താശ ചെയ്തുവെന്ന് സി.എ.ജി റിപ്പോർട്ട്. ഇക്കാര്യത്തിൽ പരാതികൾ ലഭിച്ചിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ല. വ്യവസ്ഥകളോടെ പതിച്ചു നൽകിയ ഭൂമി അന്യാധീനപ്പെടുത്തുകയും ഖനനം അടക്കമുള്ള ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തുവെന്നാണ് സി.എ.ജി യുടെ കണ്ടെത്തൽ.
റവന്യൂവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഭൂമിയുടെ പതിച്ചു നൽകൽ നിയന്ത്രിക്കുന്നതിന് സർക്കാർ 1960 ലാണ് നിയമം പാസാക്കിയത്. അതനുസരിച്ച് ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരം, സർക്കാർഭൂമി താമസസ്ഥലങ്ങൾക്കും കൃഷിക്കും പ്രയോജനപ്രദമായ അനുഭവാവകാശത്തിനും വാണിജ്യ ആവശ്യങ്ങൾക്കും മാത്രമേ നൽകാവൂ എന്ന് വ്യവസ്ഥ ചെയ്തിരുന്നു.
പതിച്ചു നൽകാവുന്ന സ്ഥലത്തിന്റെ അളവും വ്യക്തമാക്കിയിരുന്നു. ഇത് താമസ സ്ഥലങ്ങൾക്ക് മൂന്ന് സെന്റ് മുതൽ കൃഷിക്കായി മൂന്ന് ഏക്കർ വരെ എന്നാണ് 2011 ജൂലൈ 27 ന് സർക്കാർ ഉത്തരവിറക്കി. ഭൂരഹിതർക്ക് മാത്രമേ വീട് വെക്കാനുള്ള ഭൂമി നൽകാവു എന്നാണ്. ഖനനം പോലുള്ള മറ്റ് ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി ഉപയോഗിക്കുന്നത് നിയമത്തിൻ്റെ താൽപര്യത്തിന് എതിരാണ്. ഇക്കാര്യം ഹോകോടതിയും വ്യക്തമാക്കിയിരുന്നു.
പട്ടയം നൽകിയ 'കൈവശമില്ലാത്ത' ഭൂമി, യിൽ പിന്തുടർച്ച ആകാം. എന്നാൽ പതിച്ചു കിട്ടിയ തീയതി മുതൽ മൂന്ന് വർഷത്തേക്ക് അന്യാധീനപ്പെടുത്താൻ പാടില്ല. അത് കൃഷിക്ക് അനുവദിച്ചതാണെങ്കിൽ ഭൂമി ലഭിച്ച ആൾ സ്വന്തമായി കൃഷി ചെയ്യണമെന്നും ചട്ടം എട്ടിൽ വ്യക്തമാക്കിയിരുന്നു. വ്യവസ്ഥകൾ ലംഘിച്ചാൽ പട്ടയം റദ്ദാക്കാൻ റവന്യൂ വകുപ്പിന് അധികാരമുണ്ട്. എന്നാൽ സംസ്ഥാനത്ത് പലയിടത്തും ഭൂമി അന്യാധീനപ്പെട്ടതായും മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തി.
പതിച്ചു നൽകിയ ഭൂമി തിരുവനന്തപുരം ജില്ലയിൽ പോബ്‌സ് ഗ്രാനൈറ്റ്സ് ഖനനത്തിന് വിനിയോഗിച്ചിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ല. പേരൂർക്കട വില്ലേജിലെ ആയിരവല്ലി മലയിൽ, 3.50 ഏക്കർ ഭൂമി എട്ട് പേർക്കായി 25 മുതൽ 80 സെ ന്റ് വരെ 1994 മാർച്ചിലാണ് പതിച്ച് നൽകിയത്. പട്ടയം നൽകിയത് കൃഷി/ താമസസ്ഥലം/ പ്രയോജനപ്രദമായ അനുഭവാവകാശം എന്നിവയിൽ ഏതിനുവേണ്ടിയായിരുന്നു എന്ന് പതിച്ചു നൽകൽ ഉത്തരവിൽ റവന്യൂ വകുപ്പ് രേഖപ്പെടുത്തിയില്ല.
പട്ടയം നൽകിയത് 'കൈവശമില്ലാത്ത' ഭൂമിയിലാണോ അതോ 'കൈവശ' ഭൂമിയിലാണോ എന്ന് തെളിയിക്കാൻ റവന്യൂ അധികൃതരുടെ പക്കൽ രേഖകളില്ല. പതിച്ചുനൽകിയ ഭൂമി, അത് ലഭിച്ച ആൾ കൈവശം വച്ചിരുന്നതാണെങ്കിൽ, സർക്കാരിന് നികുതിക്കുടിശ്ശിക യഥാർഥമായി വച്ചിരുന്ന കാലയളവിന് നൽകേണ്ട അടിസ്ഥാന നികുതിത്തുകയിൽ പരിമിതപ്പെടുത്തണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഒരു വർഷത്തേക്കുള്ള ഭൂനികതിയേ ഈടാക്കിയിട്ടുള്ളൂ കാരണത്താൽ, ഭൂമി 'കൈവശമില്ലാത്ത' ഭൂമി ആയിരുന്നെന്നാണ് നിഗമനം.
പട്ടയം ലഭിച്ച് രണ്ടര മാസത്തിന് ശേഷം 1994 ജൂണിൽ ഈ 3.50 ഏക്കർ ഭൂമിയും പോബ്‌സ് ഗ്രാനൈറ്റ്സിന് വിറ്റു. അത് കൃഷി/ താമസ സ്ഥലം/ പ്രയോജനപ്രദമായ അനുഭവാവകാശം എന്നതിന് പകരം ഖനന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. ഇത് ഒരു പരാതിയായി റവന്യൂ അധികൃതർക്ക് ലഭിച്ചുവെങ്കിലും അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയില്ല. നിയമം ലംഘനം നടത്തിയതിന് ഭൂമി ഏറ്റെടുക്കുകയും ചെയ്തില്ല. ഇത് റവന്യൂ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.