കേരളം പാപ്പരായി എന്ന പ്രചാരണം ശരിയല്ല -ധനമന്ത്രി
text_fieldsതിരുവനന്തപുരം: അർഹമായ കേന്ദ്രവിഹിതത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും കേന്ദ്ര വിഹിതത്തിൽ വലിയ വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനം ചെലവു കുറച്ചിട്ടില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം ആകെ പാപ്പരായി എന്ന നിലയിലുള്ള പ്രചാരണം ശരിയല്ല. മറ്റു ചില സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിലെ സാഹചര്യം ഭേദമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിനു മുന്നോടിയായി മാധ്യമപ്രവർത്തകരുമായി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഈ വർഷം മാത്രം 50,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. തനതു നികുതി വരുമാനത്തിൽ വലിയ മുന്നേറ്റം നേടാനായതുകൊണ്ടാണ് പിടിച്ചു നിൽക്കാനായത്. കോവിഡ് കാലത്ത് 1.38 ലക്ഷം കോടിയായിരുന്നു ചെലവ്. തൊട്ടടുത്ത വർഷം 1.60 ലക്ഷം കോടിയായി. നടപ്പുവർഷം 1.70 ലക്ഷം കോടിയാകുമെന്നാണ് പ്രതീക്ഷ. 47,000 കോടിയായിരുന്ന നികുതിവരുമാനമാണ് രണ്ടുവർഷംകൊണ്ട് 71,000 കോടിയായി ഉയർന്നത്. ഇതു രാജ്യത്തുതന്നെ ഏറ്റവും ഉയർന്നതാണ്.
നികുതി കാര്യത്തിൽ വർധനയുണ്ടെന്ന് കരുതി അതുകൊണ്ട് മാത്രം പ്രശ്നം തീരില്ല. സ്വർണത്തിൽനിന്നുള്ള നികുതി മുമ്പ് അഞ്ചു ശതമാനം സംസ്ഥാനത്തിന് ലഭിച്ചിരുന്നത് ഇപ്പോൾ 1.5 ശതമാനമായി കുറഞ്ഞു. ജി.എസ്.ടിക്ക് മുമ്പ് 100 രൂപയുടെ സാധനത്തിന് 16 ശതമാനം വരെ നികുതി കിട്ടിയിരുന്നു.
ഇപ്പോൾ ഇത് 11 ശതമാനമായി കുറഞ്ഞു. പക്ഷേ, ഉപഭോക്താക്കൾക്ക് ഈ കുറവിന്റെ ഗുണഫലം കിട്ടിയിട്ടുമില്ലെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.