ഉമ്മൻചാണ്ടിയെ കാണാൻ അനുവദിച്ചില്ലെന്ന പ്രചാരണം തെറ്റ്; പിന്നിൽ സി.പി.എം കൂലിപ്പട്ടാളമെന്ന് കെ.സി ജോസഫ്
text_fieldsകോട്ടയം: ഉമ്മൻ ചാണ്ടിയെ കാണുന്നതിനായി ബംഗളൂരുവിലെത്തിയ തന്നെയും എം.എം ഹസനെയും ബെന്നി ബെഹനാനെയും കാണുവാൻ ഭാര്യയും മകൻ ചാണ്ടി ഉമ്മനും അനുവദിച്ചില്ലെന്ന ശബ്ദ സംഭാഷണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി ജോസഫ്. പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വൻ പരാജയം സുനിശ്ചതമായതോടെ ചാണ്ടി ഉമ്മനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തി നാല് വോട്ടു നേടി മുഖം രക്ഷിക്കാനുള്ള സി.പിഎമ്മിന്‍റെ അവസാനത്തെ അടവാണ് ഇത്തരം ദുഷ്പ്രചരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി ചികിത്സക്കുവേണ്ടി ബംഗളൂരുവിലേക്ക പോയ ശേഷം മിക്കവാറും രണ്ടാഴ്ചയിൽ ഒരു തവണയെങ്കിലും താനും എം.എം ഹസനും ബെന്നി ബഹനാനും ഒറ്റക്കും കൂട്ടായും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ബന്ധുവായ മിലന്റെ ഫാം ഹൗസിൽ താമസിച്ച അവസരം മുതൽ ആശുപത്രി കിടക്കയിൽ വരെ അദ്ദേഹത്തെ പോയി കാണുകയും രാഷ്ട്രീയകാര്യങ്ങളും കോൺഗ്രസ് സംഘടനാ വിഷയങ്ങളും ദീർഘമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് കെ.സി ജോസഫ് പറഞ്ഞു.
മരണത്തിന് ഒരാഴ്ച മുമ്പാണ് ഞാനും ഹസനും ബെന്നിയും അവസാനമായി ബംഗളൂരുവിലെ വിശ്രമിക്കുന്ന വസതിയിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടത്. ഞങ്ങളുടെ സന്ദർശന സമയത്ത് ഒരവസരത്തിലും ചാണ്ടി ഉമ്മൻ അവിടെ ഉണ്ടായിരുന്നില്ല. ഭാരത് ജോഡോ യാത്രയുടേയും മറ്റ് പരിപാടികളുടേയും തിരക്കിലായിരുന്ന ചാണ്ടി. മരണത്തിന് ഉദ്ദേശം ഒരാഴ്ച മുൻപ് അദ്ദേഹത്തെ സന്ദർശിച്ച ദിവസം ഉച്ചക്ക് 12 മണിയോടടുത്ത സമയത്തായിരുന്നു ഞങ്ങൾ വസതിയിലെത്തിയത്. ആ സമയത്ത് ചികിത്സ നടന്നു കൊണ്ടിരുന്നതു മുലം അൽപസമയം ഞങ്ങൾക്ക് അവിടെ വിശ്രമിക്കേണ്ടി വന്നു.
ആ അവസരത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യ ബാവയുമായി പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. ചികിത്സ പൂർത്തിയായ ശേഷം ഞങ്ങൾ ഉമ്മൻ ചാണ്ടിയെ മുറിയിലെത്തി കണ്ടു. അൽപസമയം അദ്ദേഹവുമായി ആശയവിനിമയം നടത്തുവാനും ഇടയായി. അതിനു ശേഷം ഞങ്ങൾ മൂന്നു പേരും മടങ്ങുകയും ചെയ്തു. ഇതാണ് സത്യം, ഇതേപ്പറ്റി അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും ചാണ്ടി ഉമ്മൻ ഞങ്ങളെ കാണുവാൻ സമ്മതിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നതും പൂർണമായും അടിസ്ഥാന രഹിതമാണ്. ഇത്തരം തരംതാണ ആരോപണങ്ങളിൽ നിന്നും അപവാദ പ്രചരണങ്ങളിൽ നിന്നും മാർക്സിസ്റ്റ് പാർട്ടിയും അവരുടെ സൈബർ സെല്ലിലെ കൂലിപ്പടയും പിന്മാറണമെന്നും കെ.സി ജോസഫ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.