കോവിഡ് മുറുകുമ്പോഴും കാമ്പസുകൾ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്
text_fieldsകണ്ണൂർ: നാട് ഒമിക്രോൺ ഭീതിയിലമരുമ്പോഴും കാമ്പസുകളിൽ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. കേരള, കണ്ണൂർ സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് വിജ്ഞാപനമിറങ്ങി. കണ്ണൂർ സർവകലാശാലയിൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ജനുവരി 28നും സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് മാർച്ച് 11നും നടത്താനാണ് തീരുമാനം.
കേരള സവകലാശാലക്ക് കീഴിലുള്ള കാമ്പസുകളിൽ ജനുവരി 25ന് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയിപ്പ്. മൂന്നാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് വിദ്യാർഥി തെരഞ്ഞെടുപ്പിന് കോളജുകളിൽ വേദിയാകുന്നത്.
കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് വിദ്യാർഥികളിൽ രോഗവ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്. കൂടാതെ കണ്ണൂർ സർകലാശാല കലോത്സവം ഫെബ്രുവരി 21 മുതൽ 25 വരെ കാസർകോട് ഗവ. കോളജിൽ നടത്താനും തീരുമാനമായിട്ടുണ്ട്.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി കണ്ണൂർ സർവകലാശാലക്ക് കീഴിൽ 200നടുത്ത് കോളജുകളാണുള്ളത്. ഇവിടങ്ങളിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾ തെരഞ്ഞെടുപ്പിന്റെ ഭാഗമാകും.
കൺവെൻഷനുകൾ, പ്രചാരണം, കൊട്ടിക്കലാശം എന്നിവയിലെല്ലാം ആയിരക്കണക്കിന് വിദ്യാർഥികളാണ് പങ്കാളികളാകുക. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കോളജുകളിലെ യൂനിയൻ തെരഞ്ഞെടുപ്പ് ഒഴിവാക്കിയിരുന്നു.
ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന്റെ സാഹചര്യത്തിൽ എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കൾ തമ്മിലുള്ള വാക്പോരും വിദ്യാർഥി രാഷ്ട്രീയ രംഗത്ത് ഇപ്പോൾ സജീവമാണ്. ഇക്കുറി കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് അത്യന്തം വാശിയേറിയതായിരിക്കുമെന്നതിൽ സംശയമില്ല.
കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള പ്രചാരണ പരിപാടികളടക്കം സംഘടിപ്പിക്കാൻ വിദ്യാർഥി സംഘടനകൾ തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായുണ്ടാകുമെന്ന കാര്യവും ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.