അപകടകരമായ കാറോട്ടം, നാട്ടുകാരുടെ കൈകാര്യം ചെയ്യൽ; ഒടുവിൽ ദുരൂഹ സാഹചര്യത്തിൽ കാർ കത്തിനശിച്ചു
text_fieldsകഴക്കൂട്ടം: കഴക്കൂട്ടത്ത് കാർ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയവരുടെ കാറാണ് കത്തിയത്. കാർ കത്തിയതാണോ കത്തിച്ചതാണോ എന്ന് വ്യക്തമല്ല എന്ന് പൊലീസ് പറഞ്ഞു. ഉത്സവത്തിനിടെ അപകടരമായി കാറോടിച്ചതിനെ തുടർന്ന് കാറിലുള്ളവരും നാട്ടുകാരുമായി തർക്കമുണ്ടാകുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് റോഡരികിൽ നിർത്തിയിട്ട കാറിന് വെളുപ്പിന് അഞ്ചുമണിയോടെയാണ് തീപിടിച്ചത്. കഴക്കൂട്ടത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. സമീപത്ത് രണ്ട് വൈദ്യുതി ട്രാൻസ്ഫോർമറുകൾ ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരാത്തതിനാൽ വലിയ അപകടം ഒഴിവായി.
സംഭവത്തെ തുടർന്ന് കാറിലുണ്ടായിരുന്ന കണിയാപുരം സ്വദേശികളായ ഷെഫിൻ, സുഹാൻ, കഴക്കൂട്ടം മേനംകുളം കൽപ്പന സ്വദേശി സന്ദീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിൽ എടുത്ത ഷെഫിൻ പള്ളിപ്പുറത്ത് സ്വർണ വ്യാപാരിയെ തടഞ്ഞ് മുളക് പൊടി എറിഞ്ഞ് മർദിച്ച ശേഷം ഒരു കിലോയോളം സ്വർണ്ണം കവർച്ച നടത്തിയ കേസിലെ പ്രതിയാണ്. നിരവധി അടിപിടി കേസിലെ പ്രതിയാണ് സന്ദീപ് എന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.