കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍; ഉടമയും മറ്റുള്ളവരും ഒളിവിലെന്ന് പൊലീസ്
text_fieldsതേഞ്ഞിപ്പലം: ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് മുന്നിലെത്തി അസഭ്യം പറഞ്ഞ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. കെ.എല്‍ -18 എന്‍ 7009 നമ്പര്‍ ഹ്യുണ്ടായ് കാറാണ് തേഞ്ഞിപ്പലം പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ സിബിന്‍ ലാലിന്റെ തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീട്ടില്‍നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
സംഭവസമയത്ത് സിബിന്‍ ലാല്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരമെന്ന് പൊലീസ് വ്യക്തമാക്കി. മറ്റു ചിലരാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. സിബിന്‍ ലാലും മറ്റുള്ളവരും സി.പി.എം, ഡി.വൈ.എഫ്.ഐ അനുഭാവികളാണെന്ന് പൊലീസ് പറയുന്നു. ഇവരെ തിരിച്ചറിഞ്ഞെന്നും കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് ഭാഷ്യം.
എന്നാല്‍, പ്രതികളെല്ലാവരും ഒളിവിലാണ്. ഞായറാഴ്ച വൈകീട്ടാണ് ഹരിഹരന്റെ വീടിന് മുന്നിലെത്തി കാറിലെത്തിയ സംഘം അസഭ്യം പറഞ്ഞത്. വടകര രജിസ്‌ട്രേഷനിലുള്ള ചുവന്ന നിറത്തിലുള്ള കാറായിരുന്നു. അസഭ്യം പറഞ്ഞതിന് പിന്നാലെ രാത്രി 8.30ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹരിഹരന്റെ വീട്ടുമതിലില്‍ സ്ഫോടകവസ്തു വെച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു.
വടകരയില്‍ യു.ഡി.എഫ് സമ്മേളനത്തില്‍ സി.പി.എം നേതാവും എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ കെ.കെ. ശൈലജക്കെതിരെ ഹരിഹരന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതേതുടര്‍ന്ന് വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.