കാർ നൽകിയത് വാടകക്കല്ല; സിനിമക്ക് പോയി തിരിച്ചുതരാമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്നും വാഹന ഉടമ
text_fieldsആലപ്പുഴ: കളര്‍കോട് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വാഹന ഉടമ ഷാമിൽ ഖാൻ. കാർ നൽകിയത് വാടകക്കല്ലെന്നും സൗഹൃദത്തിന്‍റെ പേരിലാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാറുമായി ഒന്നര മാസത്തെ പരിചയമുണ്ട്. കാർ വാടകക്ക് കൊടുക്കുന്ന പരിപാടിയില്ല. അതുകൊണ്ടു തന്നെ അതിന്‍റെ ലൈസൻസിന്‍റെ ആവശ്യവുമില്ല. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപനയാണ്. സിനിമക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ വാഹനം ചോദിച്ചത്. അവധിയായതിനാൽ ആറ് പേർക്ക് സിനിമക്ക് പോകാനുണ്ടെന്ന് പറഞ്ഞാണ് ജബ്ബാറും മറ്റു രണ്ടു വിദ്യാർഥികളും വീട്ടിൽ എത്തിയത്. വാഹനം കൊടുക്കാൻ മടിച്ചപ്പോൾ സഹോദരനെക്കൊണ്ട് വിളിപ്പിച്ചുവെന്നും ഷാമിൽ ഖാൻ പറയുന്നു.
വാഹനം ഓടിക്കുന്ന ആളാണെന്നും ലൈസൻസ് ഉണ്ടെന്നും ജബ്ബാറിന്‍റെ സഹോദരൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കാർ കൊടുത്തത്. അപകടവിവരം അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇപ്പോഴും. ഉച്ചവരെ പൊലീസ് സ്റ്റേഷനിലായിരുന്നു. ഈ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പൊലീസിനോടും പറഞ്ഞത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിരുന്നെന്നും ഷാമിൽ വ്യക്തമാക്കി. എന്നാൽ, കാറിൽ 11 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അതേസമയം, ശക്തമായ മഴയും കാറിൽ കയറാവുന്നതിലും അധികം യാത്രക്കാരുണ്ടായതും വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിനു കാരണമായതെന്ന് ആലപ്പുഴ ആർ.ടി.ഒ പറയുന്നു. 11 വർഷം പഴക്കമുണ്ട് കാറിന്. ഏഴു പേർക്കു കയറാവുന്ന വണ്ടിയിലുണ്ടായിരുന്നത് 11 പേരാണ്. കനത്ത മഴയിൽ ഡ്രൈവർക്കു റോഡ് കൃത്യമായി കാണാൻ കഴിഞ്ഞിരിക്കില്ലെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവാനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
അതേസമയം, അപകടത്തിൽ മരിച്ച ദേവാനന്ദന്‍റെ (19) സംസ്കാരം ബുധനാഴ്ച കോട്ടയം മറ്റക്കരയിൽ നടക്കും.
മൃതദേഹം മറ്റക്കരയിലെ പിതാവിന്‍റെ വീട്ടിൽ എത്തിച്ചു. മലപ്പുറം കോട്ടക്കലിൽ ജോലി സംബന്ധമായി താമസിക്കുന്ന ബിനുരാജ്-രഞ്ജിമോൾ ദമ്പതികളുടെ ഇളയ മകനാണ് ദേവാനന്ദ്. വണ്ടാനം മെഡിക്കൽ കോളജിലെ പൊതുദർശനത്തിനുശേഷം ഉച്ചക്കുശേഷം മൂന്നോടെയാണ് മൃതദേഹം മറ്റക്കരയിൽ എത്തിച്ചത്.
മലപ്പുറം കോട്ടക്കൽ എം.എ.എം യു.പി സ്കൂൾ അധ്യാപകനാണ് പിതാവ് ബിനു രാജ്. മലപ്പുറത്ത് വാണിജ്യ നികുതി വകുപ്പിൽ ഉദ്യോഗസ്ഥയാണ് മാതാവ്. സഹോദരൻ ദേവദത്ത് പോണ്ടിച്ചേരിയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.