അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറുകൾ ഇടിച്ചുതെറിപ്പിച്ചു; പൊലീസുകാർ രക്ഷപ്പെട്ടത് താലനാരിഴക്ക് - ഞെട്ടിപ്പിക്കുന്ന വിഡിയോ
text_fieldsകാക്കനാട്: ഇൻഫോ പാർക്കിനു സമീപം ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപെട്ടു. ഇൻഫോപാർക്കിലെ കാർണിവൽ കോപ്ലക്സിന് മുമ്പിലാണ് അപകടം. കാർ യാത്രക്കാരായ യുവാക്കൾക്കും സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. അപകടത്തിൽ പെടുമ്പോൾ കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. പുത്തൻകുരിശ് സ്വദേശികളായ ശ്രീകുട്ടൻ, വിവേക്, കാണിനാട് സ്വദേശിയായ ശ്രീലേഷ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇൻഫോപാർക്ക് റോഡിലൂടെ ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ കാർണിവൽ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവസമയത്ത് റോഡിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ പരിക്കേറ്റ ശ്രീലേഷിനെയും ശ്രീകുട്ടനെയും കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ശ്രീലേഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വി.എൻ. സെൽവരാജിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. സെൽവരാജും മറ്റൊരു പൊലീസുകാരനായ കെ.സി. വിനുവും ജോലി കഴിഞ്ഞ് സ്കൂട്ടറിൽ പോകുന്നതിനിടെ ഇരുവരുടെയും കൺമുമ്പിൽ വെച്ചാണ് സംഭവമുണ്ടായത്. തലനാരിഴക്കാണ് ഇരുവരും രക്ഷപ്പെട്ടത്.
നിയന്ത്രണംവിട്ട് വലതു വശത്തേക്ക് തിരിഞ്ഞ് കാർ സ്കൂട്ടറിന്റെ തൊട്ടു മുമ്പിലൂടെയാണ് അതിവേഗത്തിൽ പൊടിപടർത്തി കടന്നുപോയത്. അപകടത്തിന്റെ ആഘാതത്തിൽ റോഡരികിലുണ്ടായിരുന സിമൻറ് കട്ട സെൽവരാജിന്റെ കാലിലേക്ക് തെറിച്ച വീണു. പൊലീസ് ഉദ്യോഗസ്ഥരും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരും ചേർന്നാണ് യുവാക്കളെ കാറിൽനിന്ന് പുറത്തിറക്കിയത്.
അപകടത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സി.ടി സ്കാൻ ഫലം പുറത്തുവന്നപ്പോഴാണ്, കാറിലെ പിൻസീറ്റിൽ യാത്രചെയ്തിരുന്ന ശ്രീലേഷിന് ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശ്രീകുട്ടന്റെ കാലിനും നടുവിനും നിസ്സര പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട കാർ അമിതവേഗതയിലായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിനും കാർണിവൽ കോംപ്ലക്സിന് പുറത്തെ പാർക്കിങ്ങിൽ നിർത്തിയിരുന്നു രണ്ട് ഇരുചക്രവാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് വിവേകിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ഇൻഫോപാർക്ക് റോഡിൽ അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ അപകടങ്ങളുണ്ടാക്കുന്നത് തുടർക്കഥയായി മാറിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.