കർദിനാൾ തെറ്റിദ്ധരിപ്പിക്കൽ അവസാനിപ്പിക്കണം; രൂക്ഷ വിമർശനവുമായി അതിരൂപത സംരക്ഷണസമിതി
text_fieldsകൊച്ചി: മാർപാപ്പക്കും റോമിലെ പൗരസ്ത്യ തിരുസംഘത്തിനുമെതിരെ പരസ്യപ്രസ്താവനകൾ ഇറക്കുന്ന കർദിനാൾ ജോർജ് ആലഞ്ചേരി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അതിരൂപത സംരക്ഷണസമിതി. ഇത് അധികാര ദുർവിനിയോഗമായി വിശ്വാസികൾ സംശയിക്കുന്നുണ്ടെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ വാർത്തക്കുറിപ്പിൽ പറഞ്ഞു. മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിെൻറയും വാക്കുകൾ വളച്ചൊടിക്കുകയും തങ്ങൾക്കനുകൂലമല്ലാത്ത വത്തിക്കാൻ പ്രസ്താവനകൾ നിരാകരിക്കുകയും ചെയ്യുന്ന പ്രവണത ക്രിസ്തീയമല്ല. അനാവശ്യപ്രസ്താവനകളിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കൽ കർദിനാൾ അവസാനിപ്പിക്കുന്നതാണ് മാന്യതയെന്നും അദ്ദേഹം പറഞ്ഞു.
സഭാധ്യക്ഷൻ മെത്രാന്മാർക്ക് രഹസ്യമായി അയച്ച കത്ത് പരസ്യപ്പെടുത്തിയതിലൂടെ തെൻറ ഉദ്ദേശ്യം മെത്രാന്മാരല്ല, വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കത്തിൽ നവംബർ 28ന് സിറോ മലബാർ സഭയിലെ രണ്ടോ മൂന്നോ രൂപതകളിലൊഴിച്ച് ബാക്കി സ്ഥലങ്ങളിൽ ഐക്യത്തിെൻറ കാഹളം പരത്തി പുതിയ കുർബാന അർപ്പിെച്ചന്നാണ് കർദിനാളിെൻറ അവകാശവാദം. പക്ഷേ അഞ്ച് ലക്ഷം വിശ്വാസികളുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലും മൂന്ന് ലക്ഷം വിശ്വാസികളുള്ള ഇരിങ്ങാലക്കുട രൂപതയിലും 1.5 ലക്ഷം വിശ്വാസികളുള്ള ഫരീദാബാദ് രൂപതയിലും 4.5 ലക്ഷം വിശ്വാസികളുള്ള തൃശൂർ അതിരൂപതയുടെ അറുപതോളം പള്ളികളിലും ജനാഭിമുഖ കുർബാനയായിരുന്നു അന്നും ഇന്നും ചൊല്ലുന്നതെന്ന് അതിരൂപത സംരക്ഷണസമിതി ചൂണ്ടിക്കാട്ടി.
പാലക്കാട്, താമരശ്ശേരി രൂപതകളിലെ ഭൂരിപക്ഷം വൈദികരുടെ ജനാഭിമുഖ കുർബാനക്കുവേണ്ടിയുള്ള മുറവിളിയെ അടിച്ചമർത്തിയാണ് അവിടെ അൾത്താരാഭിമുഖ കുർബാന ചൊല്ലിയത്. സമാധാനപരമായി ജനാഭിമുഖ കുർബാന ചൊല്ലിയിരുന്ന ഫരീദാബാദ് രൂപതയിലെ ഏതാനും പള്ളികളിൽ തെറ്റിദ്ധാരണ പരത്തിയാണ് കുർബാന ചൊല്ലാൻപോലും വൈദികരെ അനുവദിക്കാതെ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. നവംബർ 28 മുതൽ ജനാഭിമുഖ കുർബാന നിലനിർത്തിക്കിട്ടിയ എറണാകുളം-അങ്കമാലി അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും ആരെയും കുറ്റപ്പെടുത്താതെ വിജയാരാവങ്ങൾ ഉയർത്തതാതെയും വളരെ ശാന്തമായി പോകുകയാണ്. ഇപ്പോഴുള്ള സമാധാനത്തെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈയിടെ സിറോ മലബാർ സഭയുടെ ആസ്ഥാനത്തുനിന്ന് പരസ്യപ്പെടുത്തുന്ന പത്രപ്രസ്താവനകളും സർക്കുലറുകളുമെന്നും അവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.